ന്യൂഡൽഹി: കടൽക്കൊലക്കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കുടുംബംഗങ്ങൾക്ക് നൽകിയതിനാൽ കേസ് ഇനി തുടരേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചിനെ അറിയിച്ചു.
2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ രണ്ട് മത്സ്യതൊഴിലാളിളെ ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയത്. ഇന്ത്യക്കാരെ വെടിവെച്ച ഇറ്റാലിയൻ നാവികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ പിന്നീട് സർക്കാർ തന്നെ അയവ് വരുത്തുകയായിരുന്നു. നയതന്ത്ര പ്രധാന്യമുള്ള വിഷയമാണ് ഇതെന്നും അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരം കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്‍റെ അപേക്ഷയിൽ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാതെ കേസ് അവസാനിപ്പിക്കില്ലെന്നായിരുന്നു 2016ൽ സുപ്രീംകോടതി നൽകിയ മറുപടി.
അതേസമയം, അന്താരാഷ്ട്ര കോടതി വരെ എത്തിയ കേസിൽ എല്ലാ നടപടികളും പൂര്‍ത്തിയായ സാഹചര്യത്തിൽ ഇന്ത്യയിൽ ഈ കേസ് തുടരേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട്, സംഭവം നടക്കുമ്പോൾ ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിശോധിച്ചാകും കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യത്തിൽ സുപ്രീംകോടതി തീരുമാനം എടുക്കുക.