ന്യൂഡൽഹി: ഇന്ധന വില വർധനവിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ്. രാജ്യത്തെ ഇന്ധന വില വർധനവിലൂടെ മോദി സർക്കാർ 21.50 ലക്ഷം കോടി രൂപ നേടിയെന്ന് കോൺഗ്രസ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. 2019 മെയ് മുതൽ സർക്കാർ പെട്രോളിന്‍റയും ഡീസലിന്‍റെയും വില യഥാക്രമം 15.21, 15.33 രൂപ വർധിപ്പിച്ചതായി സുർജേവാല പറഞ്ഞു.
2014 മെയ് 26ന് ക്രൂഡ് ഓയിൽ ബാരലിന് 108.05 ഡോളറും 2021 ഫെബ്രുവരി 19ന് ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 63.65 ഡോളറുമാണ്. എന്നാൽ 2014 മെയ് മാസത്തിൽ പെട്രോളിന്‍റെ വില ലിറ്ററിന് 71.51 രൂപയായിരുന്നു. അസംസ്കൃത എണ്ണയുടെ വില 41 ശതമാനം കുറഞ്ഞിട്ടും സർക്കാർ ഇന്ന് ഇന്ധന വില 26 ശതമാനം വർധിപ്പിച്ചുവെന്നും സുർജേവാല പറഞ്ഞു.
കേന്ദ്രത്തിന്‍റെ ഉയർന്ന എക്സൈസ് തീരുവ ദരിദ്രരെയും മധ്യവർഗത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 100, 90 രൂപയിലെത്തിയതിനാൽ ഇന്ധനത്തിന്‍റെ എക്സൈസ് തീരുവ കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.