ന്യൂഡൽഹി: രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നതതലയോഗം ചേർന്നു. മറ്റുള്ള രോഗങ്ങളേക്കാൾ അപകടകാരികളാണ് സെറോ ടൈപ്പ് - 2 ഡെങ്കി കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും രാജീവ് ഗൗബ ചൂണ്ടിക്കാട്ടി. ക്യാബനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
പനി സംബന്ധിച്ച ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ സ്റ്റോക്ക് ചെയ്‌ത് വെക്കണം. അവശ്യമായ ലാർവിസൈഡഡും മറ്റു മരുന്നുകളും ഒരുക്കണം, വേഗത്തിൽ രോഗ സ്ഥിരീകരണം നടത്തണം, രക്ത ബാങ്ക് സജ്ജീകരണം ഉൾപ്പടെ പൊതുആരോഗ്യമേഖല സജ്ജമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് - 2 ഡെങ്കി റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് ഓഗസ്റ്റ് മാസത്തിലും സെപ്റ്റംബർ 10നും വിഷയത്തിൽ നിർദേശം നൽകിയിരുന്നു.