ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് പരിശോധനയും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വാക്സിന്‍ കുത്തിവയ്പ്പും വര്‍ധിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം. ഏപ്രില്‍ മാസത്തേക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര നിര്‍ദേശമെത്തിയത് മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിന് പിന്നാലെ.
രോഗം സ്ഥിരീകരിക്കുന്നവരെ എത്രയും പെട്ടെന്ന് നിരീക്ഷണത്തിലാക്കണം. ചികിത്സയും ലഭ്യമാക്കണം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 'ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്' (പരിശോധിക്കുക-പിന്തുടരുക-ചികിത്സിക്കുക) പദ്ധതി കര്‍ശനമായി നടപ്പിലാക്കണം. രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ വരുന്നവരെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും വേണം. സമ്പര്‍ക്കപ്പട്ടികയനുസരിച്ച് കണ്ടെയിന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കാനും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും താഴേത്തട്ടില്‍ വരെ ജാഗ്രത പാലിക്കണം.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ആകെ പരിശോധനകളുടെ 70 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന മുന്‍ നിര്‍ദേശം നടപ്പിലാക്കണം. രോഗപ്പകര്‍ച്ച തടയാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.