ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി 'സെൻട്രൽ വാർ റൂം' തുറന്നുവെന്ന് ഇന്ത്യൻ ആർമി. 'ഓപ്പറേഷൻ വർഷ 21' എന്ന് പേര് നൽകിയ വാർ റൂമില്‍ കര, നാവിക, വ്യോമസേനകളെ സഹകരിപ്പിച്ചുകൊണ്ടാണ് പ്രവർത്തിക്കുകയെന്ന് ഇന്ത്യൻ ആർമി അഡീഷണൽ ഡയറക്‌ടറേറ്റ് ജനറൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. സിവിൽ ഭരണകൂടങ്ങൾ, സംസ്ഥാന ദുരന്ത നിവാരണ സമിതി എന്നിവയോടൊപ്പമാണ് സേനകളുടെ പ്രവർത്തനം.
മഹാരാഷ്‌ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ സുരക്ഷ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മഹാരാഷ്‌ട്രയിൽ രത്‌നഗിരി, കോലാപൂർ, സംഗ്ലി ജില്ലകളിൽ ഇന്ത്യൻ ആർമി ടാസ്‌ക് ഫോഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. ചിപ്ലൂൺ, ഷിറോൾ, പാലുസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ടാസ്‌ക് ഫോഴ്‌സ് സംഘങ്ങൾ രക്ഷപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അഡ്വാൻസ് ലൈറ്റ് ഹെലികോപ്‌റ്ററുകൾ, ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ എംഐ-17 ഹെലികോപ്‌റ്ററുകൾ നിരവധി പ്രദേശങ്ങളിലാണ് രക്ഷപ്രവർത്തനങ്ങൾ നടത്തിയത്. പല പ്രദേശങ്ങളിലും കുടുങ്ങി കിടന്ന ആളുകളെ രക്ഷപ്പെടുത്താനായി ഇതിലൂടെ സാധിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചിപ്ലൂൺ സന്ദർശിച്ചു.
ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്‌ട്രിയില്‍ ഇതുവരെ 112 പേരാണ് മരിച്ചത്. 99 പേരെ കാണാതായതായി ദുരിതാശ്വാസ, പുനരധിവാസ വകുപ്പ് അറിയിച്ചിരുന്നു. 1,35000 ഓളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 3221 മൃഗങ്ങളുടെയും ജീവൻ നഷ്‌ടമായി.
READ MORE: മഹാരാഷ്‌ട്രയിലെ മഴയിൽ 112 മരണം; അനുശോചിച്ച് സൗദി അറേബ്യ