മുംബൈ : ഛത്രപതി ശിവജി മഹാരാജ് ടെർമിനസില്‍ (സിഎസ്‌എംടി) യൂറോപ്യന്‍ ടോയ്‌ലറ്റുകളിൽ 'ഓട്ടോമാറ്റിക് സീറ്റ് കവർ അപ്പ്' ക്രമീകരണവുമായി സെന്‍ട്രല്‍ റെയില്‍വേ. യാത്രക്കാരില്‍ ഭൂരിഭാഗവും മൂത്രമൊഴിക്കാനെത്തുമ്പോള്‍ ടോയ്‌ലറ്റുകളിലെ സീറ്റ് കവർ ഉയർത്തുന്നില്ലെന്നും ഇതുവഴി വൃത്തിഹീനമാകുന്നതിനാല്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സീറ്റ് കവര്‍ ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള ക്രമീകരണം പരീക്ഷിക്കുന്നത്. സീറ്റ് കവര്‍ തുറന്നിരിക്കുന്ന രീതി അവലംബിക്കുന്നത് വഴി ഒരു പരിധി വരെ ശുചിത്വം സംരക്ഷിക്കാനാകുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവജി സുതാര്‍ അറിയിച്ചു.
ചെലവോ തുച്ഛം, ഗുണമോ മെച്ചം: അതേസമയം ഇലക്‌ട്രിക്കലല്ലാതെ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് പുതിയ ഓട്ടോമാറ്റിക് സീറ്റ് ക്രമീകരണത്തിലുള്ളത്. സീറ്റ് കവറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്‌പ്രിങ് ആക്ഷന്‍ ഇതിനെ എല്ലായ്‌പ്പോഴും ലിഫ്‌റ്റ് അപ്പ് (ഉയര്‍ന്ന് നില്‍ക്കുന്ന) രീതിയില്‍ നിലനിര്‍ത്തും. അതേസമയം യാത്രക്കാര്‍ ടോയ്‌ലറ്റായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നുവെങ്കില്‍ സീറ്റ് കവര്‍ താഴേക്ക് തള്ളുന്നത് വഴി ഇത് താഴ്‌ത്തിവെയ്‌ക്കാനാകും. ഉപയോഗ ശേഷം ഇത് പഴയ രീതിയായ ലിഫ്‌റ്റ് അപ്പിലേക്ക് മാറും.
എന്താണ് സംവിധാനം : ഉയര്‍ന്ന് നില്‍ക്കുന്നതിന് ഇതിനെ സഹായിക്കുന്ന ഒരു ജോടി സ്പ്രിങുകള്‍, അവ ഘടിപ്പിച്ചിരിക്കുന്ന അലുമിനിയം ബേസ് പ്ലേറ്റ്, ഇവ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോടി ബോൾട്ടുകൾ എന്നിവയാണ് ഓട്ടോമാറ്റിക് സീറ്റ് കവർ അപ്പ് ക്രമീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ചുള്ള ഇത്തരത്തിലെ ആദ്യ സീറ്റ് ക്രമീകരണമാണ് ഇതെന്ന് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ ശിവജി സുതാര്‍ പറഞ്ഞു. നിലവില്‍ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ പൊതു ശുചിമുറികളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അധികം വൈകാതെ മുംബൈ ഡിവിഷനിലെ മറ്റ് റെയിൽവേ സ്‌റ്റേഷനുകളിലെ പൊതു ശുചിമുറികളിലും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ പരീക്ഷിച്ച ഓട്ടോമാറ്റിക് സീറ്റ് സംവിധാനത്തെക്കുറിച്ച് യാത്രക്കാരോട് അഭിപ്രായം പങ്കുവെക്കാനും സെൻട്രൽ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഔട്ട്‌സ്‌റ്റേഷൻ ട്രെയിൻ യാത്രക്കാർക്ക് പുറമെ 37 ലക്ഷം യാത്രക്കാരാണ് സെന്‍ട്രല്‍ റെയില്‍വേയുടെ സബർബൻ സർവീസുകളിൽ പ്രതിദിനം യാത്ര ചെയ്യുന്നത്.