ന്യൂഡല്‍ഹി: യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് പാര്‍ലമെന്‍റില്‍ ഭരണപക്ഷം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ യുകെയിലെ പ്രസംഗത്തെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോഴും പ്രധാനമന്ത്രി ഉത്തരം നല്‍കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ അദാനി വിഷയത്തില്‍ ഇപ്പോഴും ഭയചകിതരാണ്. തന്നെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ബിജെപി അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്ത്?: "നാല് മന്ത്രിമാര്‍ എനിക്ക് എതിരെ പാര്‍ലമെന്‍റില്‍ ആരോപണം ഉന്നയിച്ചു. അതുകൊണ്ട് എന്‍റെ ഭാഗം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക എന്നുള്ളത് എന്‍റെ അവകാശമാണ്. ഞാന്‍ കരുതുന്നില്ല അവര്‍ എന്നെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിക്കുമെന്ന്. ലോക്‌സഭയില്‍ ഞാന്‍ വന്ന് ഒരു മിനിട്ടിനകം സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു. എന്നെ സഭയില്‍ സംസാരിക്കാന്‍ നാളെ അവര്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്," രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ താന്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുസമക്ഷത്തില്‍ ഇല്ലാത്ത ഒന്നും ആ ചോദ്യങ്ങളില്‍ ഇല്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അദാനി വിഷയത്തില്‍ ഭയപ്പെടുന്നത് കൊണ്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. പാര്‍ലമെന്‍റില്‍ സംസാരിച്ചതിന് ശേഷം കൂടുതല്‍ വിശദമായി മാധ്യമങ്ങളോട് സംസാരിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തുടര്‍ച്ചായായി സ്‌തംഭിച്ച് പാര്‍ലമെന്‍റ്: ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം മാര്‍ച്ച് 13ന് ആരംഭിച്ചത് മുതല്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും സ്‌തംഭിക്കുകയാണ്. അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭരണപക്ഷം ആവശ്യപ്പെടുന്നത് രാഹുല്‍ ഗാന്ധിയുടെ മാപ്പാണ്
ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും അതില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളികളയുന്നു. കേന്ദ്ര മന്ത്രിമാര്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനഃപൂര്‍വം വളച്ചൊടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്ന യാതൊന്നും വിദേശ മണ്ണില്‍ പറഞ്ഞിട്ടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ വിദേശ മണ്ണില്‍ പലതവണ നടത്തിയിട്ടുണ്ടെന്നും അതിന് അദ്ദേഹം മാപ്പ് പറയണമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.