ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ ചട്ടപ്രകാരമുള്ള ചർച്ചകൾക്ക് സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് (Parliamentary Affairs Minister Pralhad Joshi) ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 4 ന് തുടങ്ങാനിരിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം(Central Govt Ready For Structured Debate In Parliament). സഭ സുഗമമായി നടക്കാൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
ശീതകാല സമ്മേളനത്തിൽ (Winter Session of Parliament) ഫലപ്രദമായ ചർച്ചകൾ നടത്താൻ സർക്കാരിന് താൽപ്പര്യമുണ്ട്. എന്നാൽ പാർട്ടികൾ ചട്ടപ്രകാരമുള്ള ചർച്ചകൾക്ക് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. "ഹ്രസ്വ ചർച്ച, ശ്രദ്ധ ക്ഷണിക്കൽ, ശൂന്യവേള (Short Duration, Calling Attention and Zero Hour) എന്നിവ നടത്താൻ ആവശ്യം ഉയർന്നിട്ടുണ്ട്. ശൂന്യവേള നമ്മൾ ഇരുസഭകളിലും മിക്കപ്പോഴും പതിവായി നടത്തുന്നു. ഹ്രസ്വ ചർച്ചകളും നമ്മൾ നടത്തി. ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷേ പാർട്ടികൾ ചട്ടപ്രകാരമുള്ള ചർച്ചകൾക്കുള്ള നടപടിക്രമങ്ങൾ പിന്തുടരേണ്ടിവരും." പ്രഹ്ളാദ് ജോഷി പറഞ്ഞു. ഇത് പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനമാണ്. അതിനാൽ ചട്ടപ്രകാരമുള്ള ചർച്ച ഉണ്ടാകണം. സഭ സുഗമമായി നടക്കണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 4 ന് ആരംഭിച്ച് 22-ന് സമാപിക്കുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. 19 ദിവസങ്ങളിലായി 15 സിറ്റിങുകൾ നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷി യോഗത്തിൽ 23 പാർട്ടികളിൽ നിന്നുള്ള 30 നേതാക്കൾ പങ്കെടുത്തു. യോഗത്തില്‍ നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജോഷി പറഞ്ഞു.
അതേ സമയം മണിപ്പൂർ വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. "കഴിഞ്ഞ സമ്മേളനത്തിലും മണിപ്പൂർ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറായിരുന്നു. രാജ്യസഭയിലും ഞങ്ങൾ അത് സമ്മതിച്ചിരുന്നു. ഏത് ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്, എന്നാൽ ഇതിനെല്ലാം ഒരു നടപടിക്രമമുണ്ട്."- അദ്ദേഹം പറഞ്ഞു.
'ചോദ്യത്തിന് പകരം പണം' (Cash For Query) എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്രയ്ക്കെതിരായ (Action Against Mahua Moitra) നടപടിയെപ്പറ്റിയും കേന്ദ്രമന്ത്രി പ്രതികരിച്ചു. മഹുവയ്‌ക്കെതിരെ എടുക്കേണ്ട നടപടികളില്‍ സഭ ധാർമ്മികതയിലൂന്നിയ കീഴ്വഴക്കങ്ങൾ പാലിക്കും. ഇതേപ്പറ്റി സ്‌പീക്കർ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹുവക്കെതിരെയുള്ള 'ചോദ്യത്തിന് പകരം പണം' എന്ന ആരോപണത്തിൽ ബിജെപി എം പി നിഷികാന്ത് ദുബെയാണ് പരാതിക്കാരൻ.
സാധാരണ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ തലേന്നാണ് യോഗം സര്‍വ്വകക്ഷി യോഗം നടന്നിരുന്നത്. എന്നാല്‍ നാളെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ യോഗം ഒരു ദിവസം മുന്‍പ് വിളിക്കുകയായിരുന്നു.( മിസോറാം വോട്ടെണ്ണല്‍ തിങ്കളാഴ്‌ചയാണ് നടക്കുക)