ന്യൂഡൽഹി: എട്ട് വർഷത്തിനിടെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്‌ഡുകള്‍ 27 മടങ്ങായി വര്‍ധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. കണക്കുകൾ നിരത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ ഭരണകാലത്ത് (2004 മുതൽ 2014 വരെ) 112 മിന്നല്‍ പരിശോധനകളും അന്വേഷണങ്ങളും മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍, ബിജെപി അധികാരത്തിലേറിയ എട്ടുവർഷത്തെ ഭരണത്തിൽ 3,010 ആയാണ് ഉയർന്നതെന്നും സര്‍ക്കാര്‍ രേഖയില്‍ വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) എന്നിവ പ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡുകളുടെ കണക്കാണിത്. എന്നാല്‍, പല അന്വേഷണങ്ങളും പ്രതിപക്ഷത്തെ മാത്രം ഉന്നംവച്ച് നടത്തുന്നത് മനപൂര്‍വം ദ്രോഹിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തങ്ങളുടെ ഭാഗം ന്യായീകരിക്കുന്ന കണക്കുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേന്ദ്ര മന്ത്രിയുടെ എന്‍ഡിഎ - യുപിഎ താരതമ്യം: രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ടുവര്‍ഷത്തെ എന്‍ഡിഎ കാലയളവിൽ വലിയ തോതിലുള്ള സ്വത്താണ് കണ്ടുകെട്ടിയത്. 2014 നും 2022 നും ഇടയിൽ 99,356 കോടിയാണ് ഇഡി പിടിച്ചെടുത്തത്. ഇതില്‍ ഇഡി 888 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. 23 വ്യക്തികള്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.
എന്നാല്‍, മുൻ യുപിഎ സർക്കാരിന്‍റെ പത്തുവർഷത്തെ ഭരണത്തിനിടെ 112 പരിശോധനകള്‍ മാത്രമാണ് നടന്നത്. അതില്‍ 5,346.16 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ഇഡി 104 കുറ്റപത്രങ്ങൾ മാത്രമാണ് സമർപ്പിച്ചത്. അതില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
'കണ്ടുകെട്ടിയത് 14 കോടി സ്വത്ത് മാത്രം': ഫോറിൻ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ടതിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. യുപിഎയുടെ 10 വർഷത്തെ ഭരണത്തിൽ 571 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ അത് 996 ആയി ഉയർന്നു. യുപിഎ ഭരണകാലത്ത് 14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെങ്കിലും കഴിഞ്ഞ എന്‍ഡിഎ ഭരണത്തിനിടെ അത് 7,066 കോടിയായി ഉയർന്നു. 2004 നും 2014 നും ഇടയിൽ 8,586 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 2,780 കേസുകളിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇക്കാലയളവിൽ 1,754 കോടിയാണ് പിഴ ചുമത്തിയത്. 14 കോടിയുടെ സ്വത്തുക്കൾ മാത്രമാണ് കണ്ടുകെട്ടിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എംകെ സ്റ്റാലിന്‍റെ മകള്‍ സെന്താമരൈ, മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനർജി, അദ്ദേഹത്തിന്‍റെ ഭാര്യ റുജിറ ബാനർജി, മദൻ മിത്ര, കുനാൽ ഘോഷ്, മൊളോയ് ഘട്ടക് തുടങ്ങിയ പ്രതിപക്ഷ പാർട്ടിയുടെ നിരവധി നേതാക്കൾ കേന്ദ്ര ഏജൻസികളുടെ തുടര്‍ച്ചയായുള്ള അന്വേഷണത്തിന് വിധേയരായിട്ടുണ്ട്.
ബിജെപിയില്‍ എത്തിയാല്‍ 'നോ റെയ്‌ഡ്': അതേസമയം, 2017 ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ശാരദ കുംഭകോണത്തിലെ മുഖ്യപ്രതി മുകുൾ റോയിക്കെതിരായി അന്വേഷണം 'ഒച്ച് വേഗത്തില്‍' നീങ്ങിയതായി ആക്ഷേമുയര്‍ന്നിരുന്നു. 2019 സെപ്റ്റംബറിലാണ് റോയിയെ അവസാനമായി സിബിഐ ചോദ്യം ചെയ്‌ത്. ശേഷം, 2021 ല്‍ വീണ്ടും തൃണമൂലിലെത്തിയതോടെ ഇഡി അദ്ദേഹത്തിന് തിടുക്കത്തില്‍ നോട്ടീസ് അയക്കുകയുണ്ടായി.
മുകുളിനോടും ഭാര്യയോടും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെയും 2013-14 മുതൽ കൈവശമുള്ള ആസ്‌തിയുടെയും മുഴുവൻ വിവരങ്ങളും സമർപ്പിക്കാനാണ് ഏജന്‍സി ആവശ്യപ്പെട്ടത്. പുറമെ, 2020 ഡിസംബറിൽ ടിഎംസിയിൽ നിന്ന് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി, 2019 ഓഗസ്റ്റിൽ ബിജെപിയിലെത്തിയ സോവൻ ചാറ്റർജി എന്നിവർക്കെതിരായ ശാരദ ചിട്ടി ഫണ്ട് കുംഭകോണ കേസിലെ അന്വേഷണം 'വഴിമുട്ടി'യതായും ആക്ഷേപമുണ്ട്.