ന്യൂഡല്‍ഹി: സൂദീപ്തോ സെന്‍ ഒരുക്കുന്ന വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി'യ്‌ക്ക് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. സംഭാഷണങ്ങള്‍ അടക്കം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി 10 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മാതാവ് വിപുല്‍ അമൃത്‌പാല്‍ ഷായാണ് ഇക്കാര്യം അറിയിച്ചത്.
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി, ഹൈന്ദവരെ അവരുടെ ആചാരം നിര്‍വഹിക്കാന്‍ സമ്മതിക്കുന്നില്ല എന്ന സംഭാഷണം, ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് ഇന്ത്യന്‍ എന്ന പദം നീക്കം ചെയ്യണം, ചിത്രത്തിന്‍റെ ഏറ്റവും അവസാനത്തെ ഭാഗത്ത് ഭീകരവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം തുടങ്ങിയ പത്ത് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
നിരോധനം അര്‍ഥശൂന്യമെന്ന് ഫിയോക്: അതേസമയം, ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ചിത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ നിരോധനം അര്‍ത്ഥശൂന്യമാണെന്നറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ചിത്രം നിരോധിച്ചാലും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ അത് എങ്ങനെയും കാണും. സിനിമ നിരോധിക്കുന്നത് മോശം മാതൃകയായിരുന്നുവെന്നാണ് ഇവരുടെ പക്ഷം.
സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കുമെന്നും ഇത് സെന്‍സറിങിന് സമാനമാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ ഭാരവാഹികളിലൊരാളും കൊച്ചിയിലെ തിയേറ്റര്‍ ഉടമയുമായ സുരേഷ് ഷേണായി പ്രതികരിച്ചു. അതേസമയം, ചിത്രത്തിന്‍റെ റിലീസിനെതിരെ ഭരണകക്ഷിയായ എല്‍ഡിഎഫും പ്രതിപക്ഷമായ യുഡിഎഫും അവരുടെ യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു. വര്‍ഗീയ ധ്രൂവീകരണവും കേരളത്തിനെതിരെ വിദ്വേഷ പ്രചരണവും ലക്ഷ്യമിട്ട് ബോധപൂര്‍വം നിര്‍മിച്ചതാണ് ചിത്രമെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
32,000 മലയാളികള്‍ മതം മാറി സിറിയയിലേയ്‌ക്കും അഫ്‌ഗാനിസ്ഥാനിലേയ്‌ക്കും പലായനം ചെയ്‌തുവെന്ന ആരോപണമുയര്‍ത്തുന്ന കേരള സ്‌റ്റോറി മെയ് അഞ്ചിനാണ് റിലീസിനെത്തുന്നത്. ആദ ശര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുദീപ്തോ സെന്നാണ്. വിപുല്‍ അമൃത്‌ലാല്‍ ഷായുടെ ഉടമസ്ഥതയിലുള്ള സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് 'ദി കേരള സ്‌റ്റോറി' പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്‍റെ നിര്‍മാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുല്‍ ആമൃത്‌ലാല്‍ ഷാ തന്നെയാണ്.
പ്രതികരിച്ച് ശശി തരൂര്‍: കേരള സ്‌റ്റോറി യാഥാര്‍ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരളീയര്‍ക്ക് പറയാന്‍ അവകാശമുണ്ടെന്നറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വിലപ്പോവില്ലെന്നും അത് ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ളതിനാല്‍ സിനിമ നിരോധിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
32,000 മലയാളികള്‍ മതം മാറി സിറിയയിലേയ്‌ക്ക് പലായനം ചെയ്‌തുവെന്ന ആരോപണം തെളിയിച്ചാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന മുസ്‌ലിം യൂത്ത് ലീഗിന്‍റെ പോസ്‌റ്റര്‍ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു തരൂരിന്‍റെ പ്രതികരണം.