മുംബൈ: ആശുപത്രിക്കിടക്കകളുടെ ക്ഷാമത്തിന് കാരണം സിനിമ, ക്രിക്കറ്റ് മേഖലകളിലെ താരങ്ങളെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ്. കൊവിഡിന്‍റെ ഗുരുതര ലക്ഷണങ്ങളില്ലെങ്കിലും സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും മുൻകരുതലെന്നോണം ആശുപത്രികളിൽ അഡ്‌മിറ്റ് ആയി കൂടുതൽ കാലം ചികിത്സയിലായിരിക്കുന്നത് മറ്റ് കൊവിഡ് രോഗികൾക്ക് കിടക്കകൾ ലഭ്യമാകാതിരിക്കുന്നതിന് കാരണമാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇവർ ആശുപത്രികളിൽ പ്രവേശിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ സംസ്ഥാനത്ത് കിടക്കകളുടെ ദൗര്‍ലഭ്യം പരിഹരിക്കാൻ കഴിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കൊവിഡ് രോഗികൾ അധികരിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുംബൈയിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ചു. മുംബൈയിൽ മാത്രം ഇതുവരെ 5,27,119 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 12,060 പേർ ഗുരുതരാവസ്ഥയിലാണ്. 90,267 ആക്‌ടീവ് കേസുകളാണ് ഇതുവരെ മുംബൈയിൽ റിപ്പോർട്ട് ചെയ്‌തത്.