മുംബൈ: 2013ൽ മുംബൈയിലെ ജുഹു അപ്പാർട്ട്‌മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടി ജിയ ഖാനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ സൂരജ് പഞ്ചോളിയെ വെള്ളിയാഴ്‌ച പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിൽ സൂരജ് പഞ്ചോളി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയതായി പ്രത്യേക സിബിഐ കോടതി ജഡ്‌ജി എ എസ് സയ്യദ് പറഞ്ഞു. ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവച്ച ജിയ ഖാൻ മരണം പോലെ മുൻ പങ്കാളി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെട്ട ചില കേസുകൾ പരിശോധിക്കാം.
സുശാന്ത് സിംഗ് രജ്‌പുത്: ബോളിവുഡ് താരത്തെ 2020 ജൂൺ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുളള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ സുശാന്ത് സിംഗ് രജ്‌പുത്, അഭിനേത്രി കൂടിയായ റിയ ചക്രവർത്തിയുമായി ബന്ധത്തിലായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനും അന്തരിച്ച നടന്‍റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതിനും റിയയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ അദ്ദേഹത്തിന്‍റെ പിതാവ് കെ കെ സിംഗ് കേസ് നൽകിയിരുന്നു.
സിബിഐ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ, കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) റിയയ്‌ക്കെതിരെ കേസെടുത്തു. നടന് മയക്കുമരുന്ന് നൽകിയതായി വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തിയതിന് പിന്നാലെ എൻസിബിയും രംഗത്തെത്തി. മയക്കുമരുന്ന് അന്വേഷണത്തിൽ എൻസിബി 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.
തുനിഷ ശർമ: 2022 ഡിസംബർ 24 ന് പാൽഘറിലെ വാലിവിന് സമീപം ഒരു ടിവി സീരിയലിന്‍റെ സെറ്റിൽ മരിച്ച നിലയിൽ 20 കാരിയായ ടിവി താരത്തെ കണ്ടെത്തി. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തുനിഷയുടെ സഹനടൻ ഷീസാൻ ഖാനെ അടുത്ത ദിവസം അറസ്‌റ്റ് ചെയ്‌തു. 2023 മാർച്ച് അഞ്ചിന് മഹാരാഷ്‌ട്രയിലെ വസായ് കോടതി ഈ കേസിൽ ഷീസന് ജാമ്യം അനുവദിച്ചു, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ അദ്ദേഹത്തെ ജയിലിൽ അടയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ടുനിഷയും ഷീസനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിലും മരണത്തിന് രണ്ട് മാസം മുമ്പ് ഇവർ വേർപിരിയുകയായിരുന്നു.
പ്രത്യുഷ ബാനർജി: 'ബാലികാ വധു' എന്ന സീരിയലിലൂടെ പ്രശസ്‌തയായ ടിവി താരമാണ് പ്രത്യുഷ ബാനർജി. 2016 ഏപ്രിൽ 1ന് മുംബൈയിലെ അപ്പാർട്ട്‌മെന്‍റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാമുകനും നടനും നിർമ്മാതാവുമായ രാഹുൽ രാജ് സിംഗ് പ്രത്യുഷ ബാനർജിയെ കൊലപ്പെടുത്തിയെന്ന ആരോപണവുമായി പ്രത്യുഷയുടെ മാതാപിതാക്കൾ രംഗത്ത് വന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
വൈശാലി ടക്കർ: 2022 ഒക്‌ടോബർ 16-ന് മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ പ്രശസ്‌ത ടിവി അഭിനേതാവ് വൈശാലി ടക്കറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 30 കാരിയായ താരം തന്‍റെ മുൻ പങ്കാളിയായ രാഹുൽ നവ്‌ലാനിയേയും ഭാര്യയേയും കുറ്റപ്പെടുത്തി ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് മരിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം നവ്‌ലാനിക്കും ഭാര്യ ദിശയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. വൈശാലിയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അറസ്‌റ്റ് ചെയ്യപ്പെട്ട അദ്ദേഹം മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. സംഭവത്തിന് ശേഷം ദിശ ഒളിവിൽ പോയി. എന്നാൽ, കഴിഞ്ഞ വർഷം നവംബറിൽ കോടതി ദിശയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.