വാരാണസി: ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭോജ്‌പുരി നടി ആകാൻക്ഷ ദുബെ ഹോട്ടലിലെ ലിഫ്‌റ്റില്‍ നൃത്തം ചവിട്ടുന്ന സിസിടിവി ദൃശ്യം പുറത്ത്. ദുരൂഹ മരണത്തിന് ഒരു ദിവസം മുന്‍പ്, സോമേന്ദ്ര റെസിഡൻസി ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യമാണ് പൊലീസ് കണ്ടെടുത്തത്. ദുബെയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ സന്ദീപ് സിങ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സന്ദീപ് സിങിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇന്ന് സിസിടിവി ദൃശ്യം പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് 25നുള്ള വീഡിയോയാണ് പുറത്തുവന്നത്. ആകാൻക്ഷ ദുബെയുടെ ദുരൂഹ മരണത്തില്‍ ഭോജ്‌പുരി ഗായകൻ സമർ സിങിനും ഇയാളുടെ സഹോദരൻ സഞ്ജയ് സിങിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മാർച്ച് 25 ന് വാരാണസിയിലെ ലഹർതാര പ്രദേശത്ത് പാർട്ടി സംഘടിപ്പിച്ച ആളെക്കുറിച്ചുള്ള വിവരം ദുബെയുടെ അമ്മ മധു പൊലീസിനെ അറിയിച്ചിരുന്നു. ഭോജ്‌പുരി നടി ആകാൻക്ഷ ദുബെ വാരാണസിയിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്നതിന് മണിക്കൂറുകൾക്ക് മുന്‍പ്, ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് അവര്‍ പൊട്ടിക്കരഞ്ഞിരുന്നു. ഏറെനേരം മിണ്ടാതിരിക്കുകയും തുടര്‍ന്ന് സങ്കടം സഹിക്കാനാവാതെ വായ പൊത്തി നടി പൊട്ടിക്കരയുന്നതാണ് ഈ ദൃശ്യത്തിലുള്ളത്. ഈ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.
ജീവനൊടുക്കിയതെന്ന് നിഗമനം, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല: മാർച്ച് 26 ന് ഉത്തർപ്രദേശിലെ സാരാനാഥ് പ്രദേശത്തെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, നടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഭോജ്‌പുരി ഗായകന്‍ സമര്‍ സിങും അദ്ദേഹത്തിന്‍റെ സഹോദരന്‍ സഞ്ജയ് സിങുമാണ് ആകാന്‍ക്ഷയുടെ മരണത്തിന് ഉത്തരവാദിയെന്നാണ് നടിയുടെ അമ്മ മധു ദുബെ ആരോപിക്കുന്നത്. സമര്‍ സിങും സഞ്ജയ് സിങും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തി. മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്‌തിട്ടും ഇരുവരും പണം നല്‍കിയിയില്ല. സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും ഇക്കാര്യം മാര്‍ച്ച് 21ന് മകള്‍ വെളിപ്പെടുത്തി എന്നും മധു ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ| മരണത്തിന് മുൻപ് ഇൻസ്‌റ്റഗ്രാമാം ലൈവിൽ നടി ആകാൻക്ഷ ദുബെ; വൈറലായി താരം കരയുന്ന ചിത്രം
17ാം വയസിലാണ് ആകാന്‍ക്ഷ ഭോജ്‌പുരി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'മേരി ജുങ് മേരാ ഫൈസ്ല' എന്ന ചിത്രത്തിലൂടെയാണ് ഈ അരങ്ങേറ്റം. വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിങ്, മുജ്‌സേ ഷാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അവര്‍ അഭിനയിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു.