ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷ നവംബർ പകുതിയോടെ ആരംഭിക്കും. ഒക്‌ടോബർ പകുതിയോടെ പരീക്ഷ തീയതി ബോർഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
90 മിനുട്ട് നീളുന്ന പരീക്ഷ ഓഫ്‌ലൈനായിട്ടാകും നടക്കുക. ഒബ്‌ജക്‌ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. പ്രായോഗിക പരീക്ഷകൾ ഉണ്ടാകില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനകത്തും വിദേശത്തുമായി വിവിധ കേന്ദ്രങ്ങളിലായി നാല് മുതൽ എട്ട് ആഴ്‌ച വരെ നീളുന്ന കാലയളവിലാണ് പരീക്ഷ നടത്തുക.
മാർച്ച്-ഏപ്രിൽ മാസങ്ങളിലാകും രണ്ടാം ടേം പരീക്ഷ നടക്കുക. സബ്‌ജക്‌ടീവ് ടൈപ്പ് ചോദ്യങ്ങളാകും രണ്ടാം ടേം പരീക്ഷയിൽ ഉണ്ടാകുക. പ്രായോഗിക പരീക്ഷയും ഉണ്ടാകും. രണ്ട് ടേം പരീക്ഷകളുടെ മാർക്ക് ഉൾപ്പെടുത്തിയാണ് അന്തിമ ഫലം നിശ്ചയിക്കുകയെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.
2021-22 വർഷത്തേക്കുള്ള സിലബസും സിബിഎസ്ഇ യുക്തിസഹമാക്കിയിരുന്നു. പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർഥികളുടെ പട്ടിക സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്സൈറ്റിലെ ഇ-പരീക്ഷ പോർട്ടലിൽ കയറി പട്ടിക സമർപ്പിക്കാം.
Also Read: കർണാടകയിൽ നിശാ പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്; 12 പേർ അറസ്റ്റിൽ