ബെംഗളുരു: കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി. കെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി നവംബർ 23ന് ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസ്. നവംബർ 19ന് സിബിഐ ഉദ്യോഗസ്ഥർ സമൻസുമായി വീട്ടിൽ വന്നു. താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും നവംബർ 23ന് നാല് മണിക്ക് ഹാജരാകണമെന്നാണ് സമൻസിലുള്ളതെന്നും ഡി.കെ ശിവകുമാർ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അന്നേ ദിവസം താൻ ബസവാകല്യനിലും മാസ്‌ക്കിയിലുമായിരിക്കും. നവംബർ 23ന് പകരം നവംബർ 25ന് ഹാജരാകാമെന്ന നിർദേശം അവർക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു. 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശമുണ്ടെന്ന് ആരോപിച്ച് ഒക്ടോബർ രണ്ടിനാണ് ഡി.കെ ശിവകുമാറിനെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
ശിവകുമാറിന്‍റെ കർണാടക, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വസതികളിൽ ഒക്‌ടോബർ അഞ്ചിന് സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ ഉൾപ്പെടെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും ഹാർഡ് ഡ്രൈവറുകളും സിബിഐ കണ്ടെടുത്തിരുന്നു.