ന്യൂഡല്‍ഹി : റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ സംസ്ഥാന ഘടകങ്ങള്‍ക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആരംഭിച്ചു. റെഡ് ക്രോസ് ശാഖകളില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും നടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. തമിഴ്‌നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, കർണാടക എന്നിവിടങ്ങളിലെ ശാഖകളിലാണ് പരിശോധന. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്കും പ്രാദേശിക ശാഖകള്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്‌ത് ചെയര്‍മാന്‍ : കേരളത്തില്‍ 2019ല്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ചേര്‍ന്ന് സൊസൈറ്റിയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് പരാതിയുണ്ട്. ഇതിലെടുത്ത കേസുമായി ബന്ധപ്പെട്ട് മാനേജിങ് കമ്മിറ്റി പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷം ഹൈക്കോടതി ജഡ്‌ജിയുടെ കീഴിലുള്ള താത്‌കാലിക കമ്മിറ്റി രൂപീകരിച്ച ശേഷമാണ് ഇപ്പോൾ പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്നത്.
തെരഞ്ഞെടുപ്പുകളില്ലാതെ ആന്‍ഡമാന്‍ ശാഖ: ആന്‍ഡമാന്‍ നിക്കോബാര്‍ ശാഖയില്‍ തെരഞ്ഞെടുപ്പ് നടത്താതെ നിലവിലെ ജനറല്‍ സെക്രട്ടറി ദീര്‍ഘകാലമായി തല്‍സ്ഥാനത്ത് തുടരുകയാണ്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇവിടുത്തെ ഘടകത്തെ അന്വേഷണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയുള്ള ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് സിബിഐ അറിയിച്ചു.
തമിഴ്‌നാട് ബ്രാഞ്ചിനെതിരെയും ഗുരുതര അഴിമതി ആരോപണം : സംസ്ഥാന റെഡ് ക്രോസ് ഘടകത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം നടത്തിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. 2020 ജൂലൈയിലാണ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ സിബിഐ അന്വേഷണത്തിനെതിരെ ശാഖയിലെ കുറ്റാരോപിതരായ ചെയർമാനും തമിഴ്‌നാട് ബ്രാഞ്ചിലെ മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് 2022 ജൂണില്‍ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഇതോടെ ചെയര്‍മാന്‍ രാജിവച്ചു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി. തമിഴ്‌നാട് ഗവർണർ സംസ്ഥാന മാനേജിങ് കമ്മിറ്റി പിരിച്ചുവിട്ടെന്നും പകരം ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയിലും അഴിമതി : സംസ്ഥാനത്ത് റെഡ് ക്രോസിന്‍റെ പേരില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്‌ത മുന്‍ ചെയര്‍മാനെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. നിലവില്‍ ട്രസ്റ്റ് പിരിച്ചുവിട്ടിരിക്കുകയാണ്. കൂടാതെ അസമിലെ സംസ്ഥാന മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ കാലതാമസം, ഭൂമി തര്‍ക്കം എന്നിവ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.
എന്താണ് റെഡ് ക്രോസ് : സമൂഹത്തില്‍ കഷ്‌ടത അനുഭവിക്കുന്നവരെയും നിര്‍ധനരെയും സഹായിക്കുന്നതിനും അവര്‍ക്ക് കൈത്താങ്ങാവുന്നതിനുമുള്ള ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് റെഡ് ക്രോസ്. 1863ലാണ് ഈ പ്രസ്ഥാനം സ്ഥാപിതമായത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ഹെന്‍റി ഡ്യുനന്‍റ് ആണ് റെഡ് ക്രോസിന്‍റെ സ്ഥാപകന്‍.
മെയ് 8ന് ഹെന്‍റി ഡ്യുനന്‍റിന്‍റെ ജന്മദിനമാണ്. അന്ന് തന്നെയാണ് റെഡ് ക്രോസ് ദിനമായി ആചരിക്കുന്നതും. റെഡ്ക്രോസിന്‍റെ ഔദ്യോഗിക നാമം ഇന്‍റര്‍നാഷണല്‍ മൂവ്‌മെന്‍റ് ഓഫ് ദ റെഡ്ക്രോസ് ആന്‍ഡ് റെഡ് ക്രസന്‍റ് എന്നാണ്.