ന്യൂഡൽഹി : കൈക്കൂലി കേസിൽ അറസ്റ്റിലായ ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടറുടെ വീട്ടില്‍ നടത്തിയ പരശോധനയില്‍ 1.12 കോടി രൂപ കണ്ടെടുത്ത് സിബിഐ. മൈദാൻ ഗർഹി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ഭോജ്‌രാജ് സിങ് ബുധനാഴ്ച ഒരാളില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ 5.47 ലക്ഷം രൂപയും ഇതിന് പുറമെ വീട്ടിൽ നിന്ന് 1.07 കോടി രൂപയും കണ്ടെടുക്കുകയായിരുന്നു.
ALSO READ:'മോന്‍സണിന് ഒരു പരിഗണനയും നല്‍കുന്നില്ല ': പൊലീസ് ഹൈക്കോടതിയിൽ
ഒരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും ആദ്യം ഇയാൾ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരാതിക്കാരനും സുഹൃത്തിനും അനുകൂലമായി കേസ് വഴിതിരിക്കുന്നതിനും ജാമ്യാപേക്ഷയെ എതിർക്കാതിരിക്കുന്നതിനും ഒക്‌ടോബർ 27ന് മുമ്പ് രണ്ട് ലക്ഷം രൂപയെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വിവരം ലഭിച്ച സിബിഐ ഇയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തെന്നും സിബിഐ വക്താവ് ആർ.സി ജോഷി പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.