ചെന്നൈ: 2019ല്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്‌ത കബളിപ്പിച്ചു പണം തട്ടിയ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ സുകേഷ് ചന്ദ്രശേഖറിനും കൂട്ടാളി സഞ്ജയ് ജയിൻ എന്ന സഞ്ജയ് ചിക്കൻനുമെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ചെങ്കൽപട്ട് ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ച് 2020 മേയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
കോൾ സ്‌പൂഫിങ് ടെക്‌നിക്കുകൾ ഉപയോഗിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഇവര്‍ നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരും കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വ്യവസായിയായ ശിവിന്ദര്‍ മോഹന്‍ സിങ്ങില്‍ നിന്ന് 7.50 കോടി രൂപ തട്ടിയത്.
വിദേശ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചും പ്രതികള്‍ നിരവധി പേരില്‍ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയിട്ടുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 2019ല്‍ വരദയ്യപാലം ക്ഷേത്രത്തിലും അതുമായി ബന്ധപ്പെട്ട ഓഫിസുകളിലും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഇരുവരും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. സര്‍ക്കാറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് 2019ലാണ് സുകേഷ് ചന്ദ്രശേഖറിനും കൂട്ടാളി സഞ്ജയ് ജയിനിനുമെതിരെ തമിഴ്‌നാട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
വിവിധ കേസുകളില്‍പ്പെട്ട് അന്വേഷണത്തിന് വിധേയരാകുന്ന നിരവധി പേരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്.