അമരാവതി (ആന്ധ്രാപ്രദേശ്) : കടപ്പ മുൻ എംപി വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവൻ വൈ എസ് ഭാസ്‌കർ റെഡ്ഡി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥർ ഭാസ്‌കർ റെഡ്ഡിയുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കടപ്പ എംപി അവിനാഷ് റെഡ്ഡിയുടെ പിതാവാണ് അറസ്റ്റിലായ ഭാസ്‌കർ റെഡ്ഡി.
കഴിഞ്ഞ ദിവസം കേസിൽ അവിനാഷ് റെഡ്ഡിയുടെ പ്രധാന അനുയായി ഉദയ് കുമാർ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. അതേസമയം സിബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാനെത്തിയതോടെ അനുയായികൾ കൂട്ടത്തോടെ ഭാസ്‌കർ റെഡ്ഡിയുടെ വീട്ടിലേക്കെത്തിയത് ചെറിയ രീതിയിൽ സംഘർഷാവസ്ഥയ്‌ക്ക് വഴിയൊരുക്കി. അറസ്റ്റ് ചെയ്‌ത് കടപ്പയിലേക്ക് കൊണ്ടുപോകുമ്പോൾ അനുയായികൾ അദ്ദേഹത്തെ കൊണ്ടുപോകുന്ന വാഹനം തടയാൻ ശ്രമിച്ചു. ഭാസ്‌കർ റെഡ്ഡിയെ നാളെ കോടതിയിൽ ഹാജരാക്കും.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾക്ക് മുമ്പ് മാർച്ച് 15നാണ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായിരുന്ന വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ആന്ധ്രാപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ അദ്ദേഹത്തിന്‍റെ മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. മുറിയിലും കുളിമുറിയിലും രക്തക്കറകളും കണ്ടെത്തിയിരുന്നു.
പിന്നാലെ ഇത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വിവേകാനന്ദ റെഡ്ഡിയുടെ കുടുംബം രംഗത്തെത്തി. ബന്ധുക്കളായ വൈ എസ് അവിനാശ് റെഡ്ഡിക്കും പിതാവ് വൈ എസ് ഭാസ്‌കർ റെഡ്ഡിക്കും മരണത്തിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം. തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ആദ്യം കേസ് അന്വേഷിച്ചത്.
പിന്നാലെ വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ ടിഡിപിക്ക് പങ്കുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വൈ എസ് ജഗൻമോഹൻ റെഡ്ഡി ഉൾപ്പടെയുള്ളവർ രംഗത്തെത്തി. തുടർന്ന് 2020 ജൂലൈയിൽ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 1989ലും 1994ലും പുലിവെന്‍ഡുലയിൽ നിന്ന് നിയമസഭയിലേക്കും 1999ലും 2004ലും ലോക്‌സഭയിലേക്കും ഭാസ്‌കർ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2010-14 കാലയളവിൽ ആന്ധ്രാപ്രദേശ് കൃഷി മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.