പൂനെ: മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനെതിരെ പൊലീസ് കേസെടുത്തു. അഴിമതി ആരോപണം നേരിടുന്ന ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പൂനെയിൽ നടന്ന പ്രതിഷേധത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് കേസ്. അന്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിശാംബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബിർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എഴുതിയ കത്തിലാണ് അനിൽ ദേശ്‌മുഖിനെതിരായ അഴിമതി ആരോപണം ഉയര്‍ന്നത്. ദേശ്‌മുഖ് അധികാരം ദുരുപയോഗം ചെയ്തുവെന്നും സസ്പെൻഡ് ചെയ്ത എപിഐ സച്ചിൻ വാസെയോട് പണം ആവശ്യപ്പെട്ടുവെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. അതേസമയം മുംബൈ പൊലീസിന്‍റെ ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ തലവനായിരുന്ന സച്ചിൻ വാസെയെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശ്‌മുഖിന്‍റെ ഔദ്യോഗിക വസതിയിലേക്ക് വിളിപ്പിച്ചിരുന്നതായും പണം ആവശ്യപ്പെട്ടതായുമാണ് ആരോപണം.