ന്യൂഡല്‍ഹി: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ നഷ്ടപരിഹാരം നല്‍കാൻ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍. പത്ത് കോടി രൂപയാണ് നല്‍കുക. ഈ തുകയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപ വീതവും പരുക്കേറ്റ ബോട്ടുടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക. നഷ്‌ടപരിഹാര വ്യവസ്ഥയോട് മരിച്ചവരുടെ കുടുംബങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നു സോളിസിറ്റർ ജനറൽ തുഷാർ കോടതിയില്‍ അറിയിച്ചു.
2012ലാണ് മത്സ്യബന്ധന ബോട്ടായ സെന്‍റ് ആന്‍റണിയിലെ രണ്ട് മത്സ്യത്തൊഴിലാളികളെ എൻറിക്ക ലെക്‌സി എന്ന കപ്പലിലെ ഇറ്റാലിയൻ നാവികര്‍ വെടിവച്ചുകൊന്നത്. ജെലിസ്റ്റിന്‍ (44), അജീഷ് പിങ്ക് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. നാവികരായ മാസിമിലിയാനോ ലാതോറെ, സാല്‍വതോര്‍ ജിറോണ്‍ എന്നിവര്‍ക്കെതിരെയാണ് കേരള പൊലീസ് കേസെടുത്തത്. കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നാവികർ വെടിയുതിര്‍ത്തത്.