ബെംഗളൂരു: മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തി പൊലീസ്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിനിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹിൽസിൽ എത്തിയതായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനൊപ്പമുള്ള ഒപ്പമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ ആറംഗ സംഘം ഇവരോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തെ പറ്റി സുഹൃത്ത് പറയുന്നത് ഇങ്ങനെ....
ഓഗസ്റ്റ് 24 ന്, ഞാനും എന്‍റെ സുഹൃത്തായ പെൺകുട്ടിയും ക്ലാസ് കഴിഞ്ഞതിന് ശേഷം രാത്രി 7.25 ഓടെ സംഭവ സ്ഥലത്ത് എത്തി. ഞങ്ങൾ എപ്പോഴും പോകുന്ന സ്ഥലമായിരുന്നു അത്. പക്ഷേ സംഭവ ദിവസം അവിടെ ഞങ്ങൾ എത്തിയതിന് ശേഷം 25 നും 30 നും ഇടയിൽ പ്രായമുള്ള ഏകദേശം ആറ് പേർ എത്തി. എന്നെയും സുഹൃത്തിനെയും കണ്ടയുടൻ ഒരു മരത്തടി കൊണ്ട് ആക്രമിച്ചു.
കൂട്ടത്തിലൊരാൾ എന്നെ തള്ളിയിട്ട് എന്‍റെ സുഹൃത്തിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി. ശേഷം മെലിഞ്ഞവരിൽ ഒരാൾ എന്‍റെ നെറ്റിയിൽ കല്ലുകൊണ്ട് അടിച്ചു എന്നെ ബോധരഹിതനാക്കി. 15 മിനിറ്റിനു നശേഷം ഞാൻ ഉണർന്നപ്പോൾ നാലുപേർ എന്നോട് അച്ഛനെ ഫോളിൽ വിളിച്ച് മൂന്ന് ലക്ഷം രൂപ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ സമയം ഞാൻ എന്‍റെ സുഹൃത്ത് എവിടെയെന്ന് ആരാഞ്ഞു.
അപ്പോൾ സംഘത്തിലെ രണ്ട് പേർ സുഹൃത്തിനെ എന്‍റെ അരികിൽ കൊണ്ട് വന്നു. അവളുടെ ദേഹത്ത് ധാരാളം മുറിവുകളുണ്ടായിരുന്നു, ഇരയുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മൊബൈലുമായാണ് സംഘം കടന്നുകളഞ്ഞത്. അവശ നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും നാട്ടുകാരാണ് രക്ഷിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റില്ല, പ്രതിഷേധം
അതേസമയം പ്രതികളെ ഇതേവരെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ദേശീയ വനിത കമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തു. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.