ഹമീര്‍പൂര്‍ : ഇസ്രയേല്‍ ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ പലസ്‌തീനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച രണ്ട് യുവാക്കള്‍ക്കെതിരെ കേസ് (Case Against Youths For Palestine Support Post). ഹിമാചല്‍ പ്രദേശിലെ മൗദ ടൗണ്‍ നിവാസികളായ ആതിഫ് ചൗധരി, സുഹൈല്‍ അന്‍സാരി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൗദ കോട്വാലിയിലെ ഇന്‍സ്‌പെക്‌ടര്‍ രവി മേത്ത നല്‍കിയ പരാതിയിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
മൗദ ടൗണിലെ ഹൈദരിയ മേഖലയില്‍ താമിസിക്കുന്ന ആതിഫ് ചൗധരി എന്ന വ്യക്തിയുടെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പലസ്‌തീന്‍ അനുകൂല പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് ഇന്‍സ്‌പെക്‌ടര്‍ രവി മേത്ത നല്‍കിയ പാരതിയില്‍ പറയുന്നു. 'ഞാന്‍ പലസ്‌തീനൊപ്പം നില്‍ക്കുന്നു' എന്നാണ് ആതിഫ് ചൗധരി പങ്കുവച്ചിരിക്കുന്ന പോസ്റ്റ് (Youths Booked Palestine Support Social Media Post).
ഇങ്ങനെ എഴുതിയ പോസ്റ്റ് തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമായും ആതിഫ് ഉപയോഗിച്ചതായാണ് രവി മേത്ത പറയുന്നത്. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള നടക്കുന്നതിനിടെ ഒക്‌ടോബര്‍ എട്ടിന് രാത്രിയാണ് ആതിഫ് ചൗധരി പലസ്‌തീനെ പിന്തുണച്ച് പോസ്റ്റ് പങ്കുവച്ചത്. ഒക്‌ടോബര്‍ 12ന് സുഹൈല്‍ അന്‍സാരി എന്ന യുവാവിന്‍റെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസായി സമാന സന്ദേശം പ്രത്യക്ഷപ്പെട്ടതായും രവി മേത്ത പറഞ്ഞു.
അന്‍സാരി തന്‍റെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസായി ഉപയോഗിച്ച പോസ്റ്റുകളില്‍ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും മേത്ത പരാതിയില്‍ പറയുന്നു. പോസ്റ്റ് പങ്കുവച്ചതിലൂടെ നഗരത്തിലെ മതപരവും സാമൂഹികപരവുമായ സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നടന്നെന്നും മേത്ത ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നഗരത്തില്‍ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു.
അതേസമയം, ഗാസയില്‍ കരമാര്‍ഗമുള്ള ആക്രമണത്തിന് ഇസ്രയേല്‍ തയാറായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയില്‍ ഹമാസ് നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം എന്ന രീതിയിലാണ് ഇസ്രയേല്‍ കരമാര്‍ഗമുള്ള യുദ്ധത്തിന് ഒരുങ്ങുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം അടക്കമുള്ള അവശ്യവസ്‌തുക്കള്‍ തീര്‍ന്നതോടെ ഗാസയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ വ്യാഴാഴ്‌ച തന്നെ നിറഞ്ഞതും ദയനീയ സംഭവമാണ്. ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും മോചിപ്പിക്കുന്നതു വരെ പലസ്‌തീനുമേല്‍ ഉപരോധം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍.