ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തിയുടെ അമ്മാവൻ ഉൾപ്പെടെ 10 പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്ത് ജമ്മു കശ്‌മീർ പൊലീസ്. പിഡിപി സ്ഥാപകൻ മുഫ്‌തി മുഹമ്മദ് സയീദിന്‍റെ ചരമവാർഷിക ദിനത്തിൽ നടത്തിയ റാലിയിൽ കൊവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന പരാതിയിലാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. ബിജ്ബെഹെറ തഹസിൽദാരുടെ നിർദേശപ്രകാരം ബിജ്ബെഹെറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച മെഹബൂബ മുഫ്‌തി കൊവിഡ് മാനദണ്ഡങ്ങൾ പിഡിപിക്ക് മാത്രമേ ബാധകമാകൂവെന്നും ബിജെപിക്ക് ബാധകമാകില്ല എന്നും പരിഹസിച്ചു.
കഴിഞ്ഞ ദിവസം കശ്‌മീരിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനോ പഞ്ചാബിലെ പ്രധാനമന്ത്രിയുടെ റാലിക്കോ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പ്രാർഥിക്കാൻ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന പൂജകൾക്കോ കൊവിഡ് മാനദണ്ഡങ്ങൾ ബാധകമായിരുന്നില്ല. തന്റെ പാർട്ടിയോട് ജമ്മു കശ്‌മീർ സർക്കാർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മെഹബൂബ ട്വിറ്ററിൽ കുറിച്ചു.