ബെംഗളൂരു (കർണാടക) : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് രമേശ് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷൻ മാളവ്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 505 (2) (പൊതുജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്‌താവനകൾ), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
നിയമം പാലിക്കുമ്പോൾ ബിജെപി കരയുന്നു : നിയമോപദേശം തേടിയ ശേഷമാണ് മാളവ്യക്കെതിരെ കേസെടുത്തതെന്ന് കർണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. ഏപ്പോഴൊക്കെ നിയമം പാലിക്കുന്നുവോ അപ്പോഴൊക്കെ ബിജെപി കരയുന്നത് കാണാം. രാജ്യത്തെ നിയമം പാലിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടുണ്ട്.
മാളവ്യക്കെതിരായ എഫ്‌ഐആറിലെ ഏത് ഭാഗത്താണ് ദുരുദ്ദേശ്യപരമായ ഉള്ളടക്കമുള്ളതെന്ന് ബിജെപിക്കാർ വ്യക്‌തമാക്കണം. ആരാണ് രാഹുൽ ഗാന്ധിക്കെതിരായ വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തത്. ആരാണ് ഇത്തരത്തിലുള്ള കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്?, പ്രിയങ്ക് ഖാർഗെ ചോദിച്ചു.
വിമർശിച്ച് ബിജെപി : മാളവ്യക്കെതിരെ കേസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി. ബിജെപിയെ നിശബ്‌ദമാക്കാനും ഭയപ്പെടുത്താനുമുള്ള നിയമ വ്യവസ്ഥകളുടെ ദുരുപയോഗമാണ് മാളവ്യക്കെതിരായ എഫ്‌ഐആറെന്ന് ബിജെപി ദേശീയ വക്‌താവ് ഷെഹ്‌സാദ് പൂനവല്ല ട്വിറ്ററിൽ കുറിച്ചു. ആ ട്വീറ്റിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും വിഷമം ഉണ്ടായിരുന്നെങ്കിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യണമായിരുന്നു എന്നും പൂനവാല പറഞ്ഞു.
അമിത് മാളവ്യയ്‌ക്കെതിരായ എഫ്‌ഐആറിനെ രാഷ്ട്രീയ പ്രേരിതം എന്നാണ് ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ വിശേഷിപ്പിച്ചത്. അമിത് മാളവ്യയ്‌ക്കെതിരെ ഫയൽ ചെയ്‌ത എഫ്‌ഐആർ രാഷ്‌ട്രീയ പ്രേരിതമാണ്. അത് വ്യക്തവും ലളിതവുമാണ്. രാഹുൽ ഗാന്ധിക്കെതിരായ പ്രസ്‌താവനയ്ക്ക് ഐപിസി 153 എ, 505 (2) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
മുകളിൽ പറഞ്ഞ രണ്ട് വകുപ്പുകളും ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതിന് ചുമത്തുന്ന വകുപ്പുകളാണ്. രാഹുൽ ഗാന്ധി ഒരു വ്യക്‌തിയാണോ, ഗ്രൂപ്പാണോ അതോ ഒരു വിഭാഗമാണോ? ഞങ്ങൾ ഇതിനെ കോടതിയിൽ വെല്ലുവിളിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യും, തേജസ്വി സൂര്യ ട്വിറ്ററിലൂടെ വ്യക്‌തമാക്കി.
വിവാദമായ വീഡിയോ : 'രാഹുൽ ഗാന്ധി... ഒരു കാലാൾ' എന്ന പേരിലാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ആനിമേഷൻ വീഡിയോ ബിജെപി പുറത്തിറക്കിയത്. രാഹുൽ തന്‍റെ വിദേശ പര്യടനങ്ങളിൽ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനെതിരായ വിമർശനമായിരുന്നു വീഡിയോ. രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം
ALSO READ : BJP India: രാഹുലിനെതിരെ 'കാലാള്‍' ആനിമേഷനുമായി ബിജെപി; ആദിപുരുഷ് പോലെ 'പാളി'യെന്ന് വിമര്‍ശനം
വിദേശ ശക്തികളുമായി ഒത്തുകളിച്ച് ഇന്ത്യയെ തകർക്കാൻ രാഹുല്‍ ശ്രമിക്കുകയാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ചയെ തടയാൻ 'ഇന്ത്യ വിരുദ്ധ' ശക്തികൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നു എന്നും വീഡിയോയിൽ ആരോപിച്ചിരുന്നു.