ന്യൂഡല്‍ഹി : മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബില്‍ ബിജെപിയുമായുള്ള സഖ്യം ഗുണം ചെയ്തെന്ന് സിംഗ് ആഭിപ്രായപ്പെട്ടു.
ഫലം അനുകൂലമായിരിക്കുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ പ്രവചിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പാര്‍ട്ടി നന്നായി പ്രവര്‍ത്തിച്ചു. പഞ്ചാബിനെ സംബന്ധിച്ച് പൊതുവായ ചര്‍ച്ചയ്ക്കാണ് താന്‍ അമിത് ഷായെ സന്ദര്‍ശിച്ചതെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫല പ്രഖ്യാപനത്തിന് ശേഷം വിശദമായ ചർച്ച ഉണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു.
Also Read: ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്
അതിനിടെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ സാധ്യതകൾ വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ദേശീയ ജനറൽ സെക്രട്ടറിമാരുമായി യോഗം ചേർന്നു.
കോൺഗ്രസ്, ആം ആദ്‌മി പാർട്ടി (എഎപി), ശിരോമണി അകാലിദൾ-ബഹുജൻ സമാജ് പാർട്ടി സഖ്യം, ഭാരതീയ ജനത പാർട്ടി- പഞ്ചാബ് ലോക് കോൺഗ്രസ് മുന്നണി എന്നിവയാണ് പഞ്ചാബില്‍ മാറ്റുരച്ചത്. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം.