ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ സ്വന്തം നാടിന് സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കിയിരിക്കുകയാണ് വഴിയോര കാന്‍റീൻ നടത്തിപ്പുകാരനായ 'കാന്‍റീൻ മഞ്‌ജണ്ണ' എന്ന മഞ്‌ജുനാഥ്. ജില്ലയില്‍ ആംബുലൻസിന്‍റെ സേവനം ലഭ്യമല്ലാത്തതിനാലാണ് ആംബുലൻസ് വാങ്ങാൻ ഇദ്ദേഹം മുന്നിട്ടിറങ്ങിയത്. ഏതാനും വർഷം മുൻപ് മഞ്‌ജുനാഥ് കാൻസർ ബാധിതനായ പിതാവിന്‍റെ ചികിത്സയ്‌ക്കായി ആശുപത്രികൾ കയറി ഇറങ്ങിയിരുന്നു.
ഇതിനിടയിൽ പെട്ടെന്ന് ഒരു ദിവസം പിതാവിന്‍റെ ആരോഗ്യനില വഷളാവുകയും ഉടൻ തന്നെ ശിവമോഗയിലെ മലനാട് ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യവും ഉണ്ടായി. എന്നാൽ സർക്കാർ ആംബുലൻസ് വിളിച്ചപ്പോൾ മറ്റൊരു യാത്രയിലാണെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറി. സ്വകാര്യ ആംബുലൻസുകൾ വലിയ തുകയും ആവശ്യപ്പെട്ടു.
അച്ഛന്‍റെ മരണം മനസിനെ ഉലച്ചു: ആവശ്യമായ ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ യഥാസമയം ചികിത്സ കിട്ടാതെ അദ്ദേഹത്തിന്‍റെ ജീവൻ നഷ്‌ടമാവുകയായിരുന്നു. ഈ സാഹചര്യങ്ങളിലൂടെ കടന്നു പോയ മഞ്‌ജുനാഥ് തന്‍റെ ദുർവിധി മറ്റാർക്കും സംഭവിക്കരുതെന്ന് ലക്ഷ്യത്തോടെ പിതാവിന്‍റെ പേരിൽ അഞ്ച് ലക്ഷം രൂപയ്‌ക്ക് ആംബുലൻസ് വാങ്ങുകയായിരുന്നു. ഒരു സാധാരണ കാന്‍റീൻ നടത്തിപ്പുകാരനായ മഞ്‌ജുനാഥിന്‍റെ ആംബുലൻസ് സൗകര്യം ഇപ്പോൾ 24X 7 സമയവും നഗരത്തിലെ ജനങ്ങൾക്ക് ലഭ്യമാണ്.
ആംബുലൻസും ഡ്രൈവറും തയ്യാർ: ഓക്‌സിജൻ സിലിണ്ടറും ചികിൽസ കിറ്റും ഉൾപ്പെടെ എല്ലാ സജീകരണങ്ങളും ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്. ആര് വന്ന് ഏത് സമയത്ത് ചോദിച്ചാലും മഞ്‌ജുനാഥിന്‍റെ ആംബുലൻസ് സേവനം തയ്യാറായിരിക്കും. അതിനായി 30ഓളം ഡ്രൈവർമാർ അദ്ദേഹത്തിന്‍റെ വീടിന് ചുറ്റും ഏത് സമയത്തും ഡ്യൂട്ടിയിലുണ്ടാകും.
ജനസേവനം സന്തോഷം: തന്‍റെ ആച്ഛനെ കൂടാതെ കൊവിഡ് സമയത്തും നിരവധി ആളുകൾ കൃത്യമായ ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടന്ന് മരണപ്പെട്ടിട്ടുണ്ടെന്ന് മഞ്‌ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ആംബുലൻസ് സൗകര്യം മാത്രമല്ല, പെട്രോൾ വാങ്ങാൻ പോലും പണമില്ലാത്ത ആളുകൾക്ക് പെട്രോൾ വാങ്ങാൻ വേണ്ട കാശും മഞ്‌ജുനാഥ് നൽകും. നിലവിൽ 35ലധികം ആളുകൾ ഈ സൗജന്യ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കാന്‍റീൻ കൂടാതെ ട്രാക്‌ടറും ലോറിയും മഞ്‌ജുനാഥിനുണ്ട്. ആ പ്രവർത്തനങ്ങൾ തനിക്ക് സന്തോഷം നൽകുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. സ്വന്തം ആവശ്യങ്ങൾക്ക് പോലും പണം മുടക്കാൻ ഇന്നത്തെ കാലത്ത് ആളുകൾ നീരസം കാണുക്കുമ്പോഴാണ് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സന്മനസുള്ള ചിലർ മുന്നോട്ട് വരുന്നത്. മഞ്‌ജുനാഥിന്‍റെ ഈ തീരുമാനം കൊണ്ട് ഒരു നഗരത്തിലെ നൂറ് കണക്കിന് ആളുകളാണ് സേവനം അനുഭവിക്കുന്നത്.
also read: 108 ആംബുലന്‍സുകളുടെ സേവനം മെച്ചപ്പെടുത്താന്‍ ആരോഗ്യ വകുപ്പ്