ഗയ (ബിഹാർ): ബിഹാറിലെ ഗയ ജില്ലയില്‍ നടന്ന കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച 36 ഉദ്യോഗാര്‍ഥികളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്‌തു. പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള നീക്കം സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ഗയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതികള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സബോർഡിനേറ്റ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റ് (UPSSSC PET) നടക്കുന്നതിനിടെ മറ്റൊരാളുടെ അഡ്‌മിറ്റ് കാര്‍ഡുമായി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ലഖിംപൂർ ഖേരി സ്വദേശിയായ ഉദ്യോഗാര്‍ഥിയെ അറസ്റ്റ് ചെയ്‌തതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും പിലിഭിത് അഡീഷണൽ എസ്‌പി പവിത്ര മോഹൻ ത്രിപാഠി പറഞ്ഞു.
അതേസമയം സബോർഡിനേറ്റ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ അധികൃതർ ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നതിനുള്ള യാത്ര സൗകര്യം കണക്കിലെടുക്കാതെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും പരാതിയുണ്ട്.