ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മഹാമാരി കാലയളവിൽ കുട്ടികൾ വീടുകളിൽ ആയിരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അതിനാൽ മുന്നത്തെ പരീക്ഷകളുടെയും ഇന്‍റേർണൽ മാർക്കുകളുടെയും അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൂടുതൽ വായനയ്‌ക്ക്: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു
കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്‌ക്കുന്നയായും കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. മെയ് 4 മുതൽ ജൂൺ 14 വരെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസിലേക്കുള്ള ബോർഡ് പരീക്ഷയാണ് മാറ്റിവച്ചത്. സ്ഥിതിഗതികൾ അവലോകനം ചെയ്‌ത ശേഷം മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം: പ്രധാനമന്ത്രി യോഗം വിളിച്ചു