ന്യൂഡൽഹി: വാക്‌സിനേഷന്‍റെ മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയാൽ മൂന്ന് മാസത്തിനകം തലസ്ഥാനത്തെ ജനങ്ങളുടെ വാക്‌സിനേഷൻ പൂർത്തിയാക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തലസ്ഥാനത്തെ കൊവിഡ് കേസുകള്‍ വർധിച്ചുവരികയാണ്. കൊവിഡ് കേസുകള്‍ 100 മുതൽ 125 വരെ കുറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇന്നലെ മാത്രം 500ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന് യോഗ്യരായവരെല്ലാം വാക്‌സിനേഷൻ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വാക്‌സിൻ സ്വീകരിക്കേണ്ട ജനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ വാക്‌സിനേഷൻ സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേന്ദ്ര സർക്കാർ ശക്തമായ മാർഗനിർദേശങ്ങളാണ് വാക്‌സിനേഷനിൽ ഏർപ്പെടുത്തിയതെന്നും ഇതിന് ഇളവുകൾ നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.