അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്‍റെ പ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിച്ചു. 182 മണ്ഡലങ്ങളില്‍ 93 എണ്ണത്തിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കും. സൗരാഷ്‌ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 1 ന് നടന്നു. 63.31 ശതമാനം പോളിങ്ങാണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത്.
ഭരണ കക്ഷിയായ ബിജെപി, പ്രതിപക്ഷമായ കോൺഗ്രസ്, അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടി (എഎപി), സ്വതന്ത്രര്‍ എന്നിവയുൾപ്പടെ 60 ഓളം രാഷ്‌ട്രീയ പാർട്ടികളുടെ 833 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ എന്നിവയുൾപ്പടെ വടക്കൻ, മധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 നിയമസഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്‍റെ ഘട്‌ലോഡിയ മണ്ഡലം, പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വിരാംഗം മണ്ഡലം, അൽപേഷ് താക്കൂർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ഗാന്ധിനഗർ സൗത്ത് എന്നിവയാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍. ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 1, 2 തീയതികളിൽ അഹമ്മദാബാദിൽ റോഡ് ഷോകളില്‍ പങ്കെടുത്തിരുന്നു.
ഇന്നും ബിജെപി നിരവധി റോഡ്‌ഷോകളും റാലികളും നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധോൽക്ക, മഹുധ, ഖംഭാത് പട്ടണങ്ങളിൽ റാലികളില്‍ പങ്കെടുത്തു. കൂടാതെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വടക്കൻ ഗുജറാത്തിലെ മൊദാസ, സിദ്ധപൂർ പട്ടണങ്ങളിൽ നടന്ന റോഡ്ഷോകളില്‍ പങ്കെടുത്തു.