മുംബൈ: അമേരിക്കയിൽ നിന്ന് മുംബൈയിലെത്തിയ വിദേശ വനിതയ്‌ക്ക് മുന്നിൽ വച്ച് സ്വയംഭോഗം ചെയ്‌ത ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. യോഗേന്ദ്ര ഉപാധ്യായ എന്ന സ്വകാര്യ ടാക്‌സി ഡ്രൈവറാണ് പിടിയിലായത്. യാത്രക്കിടെ മുംബൈയിലെ അന്ധേരി ഏരിയയിൽ വച്ചാണ് സംഭവം. ഇയാളെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ വിദേശ വനിത മുംബൈ സന്ദർശനത്തിനായി ഒരു സ്വകാര്യ ടാക്‌സി ബുക്ക് ചെയ്‌തിരുന്നു. യാത്രക്കിടെ ഡ്രൈവർ യുവതിയുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപെട്ട യുവതി കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി കാർ നിർത്തിയില്ല.
തുടർന്ന് യുവതി കാറിലിരുന്ന് നിലവിളിക്കുകയും ഇത് കേട്ട് റോഡിലുണ്ടായിരുന്നവരും മറ്റ് യാത്രക്കാരും ചേർന്ന് കാറിനെ തടഞ്ഞ് വയ്‌ക്കുകയുമായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354, 509 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.