ബെംഗളൂരു: കര്‍ണ്ണാടകയിലെ പശ്ചിമഘട്ട മലനിരകള്‍ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്. സസ്യ ജന്തുജാലങ്ങളുടെ ഈ വൈവിധ്യം തന്നെയാണ് പശ്ചിമഘട്ടത്തിന്‍റ സവിശേഷതയും സൗന്ദര്യവും. പശ്ചിമഘട്ടത്തിന്‍റ സൗന്ദര്യത്തിന് മാറ്റുകൂട്ടി ജോയിഡയിൽ ശലഭോദ്യാനം ഒരുക്കിയിരിക്കുകയാണ് കര്‍ണാടക വനം വകുപ്പ്. മേഖലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം ചിത്രശലഭങ്ങളുടെ പ്രജനനത്തിനും കൂടിയാണ് ഈ ഉദ്യാനം ആരംഭിച്ചിരിക്കുന്നത്. ശലഭോദ്യാനം സ്ഥിതിചെയ്യുന്ന കാളി നദിക്കരയില്‍ ഒട്ടേറെ ഗണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ ഉണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വനം വകുപ്പ് 30-ലധികം വ്യത്യസ്ത തരത്തിലുള്ള പൂമരങ്ങള്‍ വച്ചുപിടിപ്പിച്ച് ചിത്രശലഭങ്ങൾക്കായി ഉദ്യാനം ആരംഭിച്ചത്.
ആംഗിള്‍ഡ് പിയറോട്ട് , ഗ്രേ കൗണ്ട് ചിത്രശലഭം, പിക്കോ ഫാന്‍സി , ജുനോനിയ അറ്റ്ലൈറ്റ്‌സ്, ഈസ്‌റ്റേണ്‍ ടൈഗര്‍ സ്വാലോ ടെയില്‍ എന്നിങ്ങനെ പോകുന്നു ഉദ്യാനത്തിലെ ശലഭ വൈവിധ്യങ്ങൾ. ടെറി പൂക്കള്‍, ഈജിപ്ഷ്യന്‍ നക്ഷത്രപൂക്കള്‍ എന്നറിയപ്പെടുന്ന പെന്‍ഡസ്, ചുവന്ന എരിക്കിന്‍ പൂവ്, ഗോഡ് പൂക്കള്‍ എന്നിങ്ങനെ ശലഭങ്ങളെ ആകർഷിക്കുന്ന നിരവധി ചെടികള്‍ ഉദ്യാനത്തിലുണ്ട്. ചിത്രശലഭങ്ങളുടെ പ്രജനനത്തെ ത്വരിതപ്പെടുത്താൻ സഹായകരമായ ചെടികളാണ് വനം വകുപ്പ് ഇവിടെ വെച്ചു പിടിപ്പിക്കുന്നത്. 43 ഹെക്‌ടറിലായി വ്യാപിച്ച് കിടക്കുന്ന തിമ്മക്ക പാര്‍ക്കിന്‍റെ ഒരു ഹെക്‌ടര്‍ സ്ഥലമാണ് ചിത്രശലഭ പാര്‍ക്കിന് വേണ്ടി വിനിയോഗിച്ചിരിക്കുന്നത്. ബാക്കിയുള്ള സ്ഥലം വനമായി നിലനിര്‍ത്തി കൊണ്ട് ഭാവിയില്‍ വിനോദ സഞ്ചാര പദ്ധതികൾ വിപുലപ്പെടുത്താനും വനം വകുപ്പിന് പദ്ധതിയുണ്ട്.
ശലഭോദ്യാനം ഒരുക്കിയതിന് ശേഷം ഏതാണ്ട് 102 ഗണങ്ങളിൽ പെട്ട ചിത്രശലഭങ്ങളെ ഇപ്പോള്‍ ഇവിടെ കാണാന്‍ കഴിയുന്നുണ്ട്. ജോയിഡയെ കൂടാതെ മറ്റ് സ്ഥലങ്ങളിലും ശലഭോദ്യാനങ്ങൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. ശലഭോദ്യാനങ്ങൾക്ക് പുറമെ ഈ പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങളുടെ തോട്ടങ്ങൾ വികസിപ്പിക്കാനും വനംവകുപ്പിന് പദ്ധതിയുണ്ട്. ജോയിഡയിലെ ശലഭോദ്യാനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാര്‍ക്കിനോട് ചേര്‍ന്ന് ഔഷധ സസ്യങ്ങള്‍ വളര്‍ത്താനും പദ്ധതിയുണ്ട്. സിർസിയിലെ ഫോറസ്ട്രി- ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥർ ഇതിനകം ചില അടിസ്ഥാന നടപടികളും ആരംഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ അപൂർവ സസ്യങ്ങളും ശലഭോദ്യാനത്തില്‍ നട്ടുപരിപാലിക്കുന്നുണ്ട്.