ബെംഗളൂരു: സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് സമീപത്തെ ബസ് ഷെൽട്ടർ മോഷണം പോയതായി പരാതി (Bus Shelter Theft Bengaluru). ബെംഗളൂരു കണ്ണിങ്‌ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് മോഷണം പോയത്. സംഭവത്തിൽ ബസ് ഷെൽട്ടർ നിർമിച്ച സ്വകാര്യ സംഘടനയുടെ വൈസ് പ്രസിഡന്‍റ് എൻ രവി റെഡ്ഡി പൊലീസിൽ പരാതി നൽകി (Karnataka Bus Shelter Theft).
ബിബിഎംപിയുടെ അനുമതിയോടെ കണ്ണിങ്‌ഹാം റോഡിൽ കോഫി ഡേയ്ക്ക് മുന്നിൽ ഓഗസ്റ്റ് 21നാണ് ബസ് ഷെൽട്ടർ നിർമിച്ചത്. 10 ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചായിരുന്നു നിർമാണം. ഓഗസ്റ്റ് 28ന് വൈസ് പ്രസിഡന്‍റ് എൻ രവി റെഡ്ഡി ബസ് സ്റ്റേഷനുകൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് പണികഴിപ്പിച്ച സ്ഥലത്ത് ബസ് സ്റ്റോപ്പ് കാണാനില്ലെന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ ബിബിഎംപി അധികൃതരെ വിളിച്ച് അന്വേഷിച്ചു. ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റിയിട്ടില്ലെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. തുടർന്ന് രവി റെഡ്ഡി സെപ്‌റ്റംബർ 30ന് ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
എടിഎം മെഷീൻ കടത്തിക്കൊണ്ടുപോയി (ATM machine stolen): രാജസ്ഥാനിലെ (Rajasthan) ഭരത്പൂർ (Bharatpur) ജില്ലയിൽ ഇതിന് മുൻപ് എടിഎം മെഷീൻ മോഷ്‌ടിച്ചു കൊണ്ടുപോയ സംഭവം ഉണ്ടായിരുന്നു. സേവർ ടൗണിൽ ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം. 97,000 രൂപ അടങ്ങിയ ഇൻഡികാഷ് എടിഎമ്മാണ് കടത്തിക്കൊണ്ടുപോയത്. എടിഎം മെഷീന്‍റെ ബോൾട്ടുകൾ ഊരിമാറ്റിയ ശേഷം യന്ത്രം വാഹനത്തിൽ കയറ്റി കൊണ്ടുപോയതാകാം എന്നാണ് പൊലീസ് പറയുന്നത്.
ഇതുവഴി പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് എടിഎം മെഷീൻ മോഷ്‌ടിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. സേവർ പഞ്ചായത്ത് സമിതി കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്യുന്ന, ഇൻഡികാഷ് കമ്പനിയുടെ കൗണ്ടറിലെ എടിഎം മെഷീനാണ് കടത്തിക്കൊണ്ടുപോയത് എന്ന് സ്റ്റേഷൻ ഇൻചാർജ് അരുൺ ചൗധരി അറിയിച്ചിരുന്നു.
തകരാറിലായ ഒരു എടിഎം മെഷീന്‍ കൗണ്ടറിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ, ഇത് കവർച്ച സംഘം കൊണ്ടുപോയിട്ടില്ല എന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു. കവർച്ച ചെയ്യപ്പെട്ട സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ സുരക്ഷ ജീവനക്കാരനോ സിസിടിവിയോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ ജില്ലയിലെ രൂപ്‌വാസ്, വൈർ പ്രദേശങ്ങളിലും എടിഎമ്മുകൾ ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നും ഈ കേസുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also read: ATM machine stolen | എടിഎം മെഷീൻ അപ്പാടെ മോഷ്‌ടിച്ചു ; അമ്പരന്ന് പൊലീസ്, അന്വേഷണം