പൂനെ : ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടിത്തം. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് നഗരത്തിലാണ് പി.എം.പി.എം.എൽ (PMPML) ബസില്‍ അഗ്‌നിബാധയുണ്ടായത്. എന്നാല്‍ സമയോചിത ഇടപെടലിലൂടെ ബസ് ഡ്രൈവർ 30 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.
നഗരത്തിലെ ദാപോഡിയിലെ പാലത്തിൽ ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ടയുടനെ തന്നെ ബസ് നിര്‍ത്തിയ ഡ്രൈവർ ലക്ഷ്മൺ ഹസാരെ 30 യാത്രക്കാരോടും ഉടന്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചു.
തുടർന്ന് കൂടുതൽ തീവ്രതയോടെ ബസ് ആളിക്കത്തുകയായിരുന്നു. ബസ് ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ മൂലം ആർക്കും ജീവഹാനിയുണ്ടായില്ല.
ALSO READ:ജമ്മു കശ്‌മീരിൽ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ്
പിമ്പിൾ ഗുരവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിനിൽ നിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
രഹത്നി, പിംപ്രി എന്നിവിടങ്ങളിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.