ന്യൂഡൽഹി : ബുള്ളി ബായ് കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രധാനപ്രതി നീരജ് ബിഷ്‌ണോയ് (21) പ്രശസ്‌തിക്കുവേണ്ടിയാണ് ആപ്പ് നിർമിച്ചതെന്ന് പൊലീസ്. ഇതിന് ഇയാൾക്ക് ആരെങ്കിലും പ്രേരണ നൽകിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. ആപ്പ് വികസിപ്പിക്കാനുപയോഗിച്ച സംവിധാനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം സുള്ളി ഡീൽസ് അപ്പുമായും ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാളിലൂടെ സുള്ളി ഡീൽസ് കേസിലെ പ്രതികളിലേക്ക് എത്താൻ സാധിക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.
മുൻപ് സുള്ളി ഡീൽസ് ആപ്പുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തക പരാതി നൽകിയിരുന്നു. ഈ കേസിൽ മാധ്യമ പ്രവർത്തകനെന്ന വ്യാജേന സൈബർ സെൽ യൂണിറ്റിനെ വാട്ട്സ്ആപ്പിലൂടെ വിളിച്ച് ബിഷ്‌ണോയ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണ്‍ രേഖകൾ പരിശോധിച്ചപ്പോഴാണ് ഈ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചത്.
അതേസമയം ബുള്ളി ബായ് കേസിൽ ഇതുവരെ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നുള്ള മുഖ്യപ്രതി 18 വയസുള്ള ശ്വേത സിങ്, ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാർഥി 21 കാരൻ വിശാൽ കുമാർ, മായങ്ക് അഗർവാൾ(21) എന്നിവരാണ് മറ്റുള്ളവര്‍.
READ MORE: എന്താണ് 'ബുള്ളി ബായ്', 'സുള്ളി ഡീല്‍സ്'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം
ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റുചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അവര്‍ വിൽപ്പനയ്ക്ക് എന്ന പരസ്യമാണ് ആപ്പുവഴി നല്‍കിയിരുന്നത്.
സാമൂഹികമാധ്യമങ്ങളില്‍ നിന്നടക്കം ശേഖരിച്ച ചിത്രങ്ങളാണ് ലൈംഗികച്ചുവയോടെ ദുരുപയോഗിക്കുന്നത്. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവിനെ ട്വിറ്ററിൽ ടാഗ് ചെയ്‌ത് വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്.