ദിസ്‌പൂർ : മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ച ബുള്ളി ഭായ് ആപ്പിന്‍റെ മുഖ്യ സൂത്രധാരൻ പിടിയിൽ. ആപ്പ് വികസിപ്പിച്ച നീരജ് ബിഷ്‌ണോയ് എന്ന 21 കാരനെയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അസമിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ആപ്പിന്‍റെ പ്രധാന ട്വിറ്റർ അക്കൗണ്ട് ഉടമ കൂടിയാണ് അറസ്റ്റിലായ നീരജ് ബിഷ്‌ണോയ്. കേസിൽ നേരത്തെ ഉത്തരാഖണ്ഡിൽ നിന്നുള്ള മുഖ്യപ്രതി 18 വയസുള്ള ശ്വേത സിങ്, ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാർഥി 21 കാരൻ വിശാൽ കുമാർ, മായങ്ക് അഗർവാൾ(21) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റുചെയ്യുന്ന ആപ്പാണ് 'ബുള്ളി ഭായ്'. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റവെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അവര്‍ വിൽപ്പനയ്ക്ക് എന്ന പരസ്യമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നത്.
സാമൂഹികമാധ്യമങ്ങളില്‍ നിന്നടക്കം ശേഖരിച്ച ചിത്രങ്ങളാണ് ദുരുപയോഗിക്കുന്നത്. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവിനെ ട്വിറ്ററിൽ ടാഗ് ചെയ്‌ത് വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്.