ബീഡ് (മഹാരാഷ്‌ട്ര): കഴിഞ്ഞ 15 വര്‍ഷമായി മഹാരാഷ്‌ട്രയിലെ ബീഡില്‍ കാര്‍ഷികോത്സവം മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും ഇക്കൊല്ലത്തെ ഉത്സവം അല്‍പം സ്‌പെഷ്യലാണ്. കാര്‍ഷികോത്സവത്തിലെ മുഖ്യ ആകര്‍ഷണമായ ഗജേന്ദ്ര എന്ന പോത്ത് ആണ് ഇത്തവണത്തെ ചര്‍ച്ച വിഷയം. ഒരു പോത്ത് എങ്ങനെ ചര്‍ച്ച വിഷയം ആകുന്നു എന്നല്ലേ? ഗജേന്ദ്ര ഒരു സാധാരണ പോത്തല്ല. അര ടണ്‍ ഭാരമുള്ള ഈ പോത്തു ഭീമന്‍റെ വില ഒന്നര കോടിയാണ്.
ഒന്നര കോടി വിലയുള്ള പോത്തോ എന്ന് അതിശയിക്കാന്‍ വരട്ടെ. കാരണം ഗജേന്ദ്രയുടെ ഭക്ഷണ രീതിയാണ് അതിനേക്കാള്‍ കൗതുകം. എല്ലാ ദിവസവും 15 ലിറ്റര്‍ പാലും മൂന്ന് കിലോ ആപ്പിളും കഴിക്കണം ഗജേന്ദ്രക്ക്. കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത് കര്‍ണാടകയില്‍ നിന്നും മഹാരാഷ്‌ട്രയിലെ ബീഡിലെത്തിയ ഗജേന്ദ്രയെ കാണാന്‍ കാര്‍ഷികോത്സവത്തില്‍ സജ്ജീകരിച്ച സ്റ്റാളില്‍ കര്‍ഷകരുടെ തിരക്കാണിപ്പോള്‍.
ബെല്‍ഗാമില്‍ നിന്നും ബീഡിലേക്ക്: ബീഡിലെ കര്‍ഷകരില്‍ കന്നുകാലി വളര്‍ത്തലില്‍ താത്‌പര്യം സൃഷ്‌ടിക്കുന്നതിനാണ് കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് ഗജേന്ദ്രയെ കാര്‍ഷികോത്സവത്തിന്‍റെ സ്റ്റാളില്‍ എത്തിച്ചത്. ഗജേന്ദ്രയാണ് ഇക്കൊല്ലം സ്റ്റാളിന്‍റെ മുഖ്യ ആകര്‍ഷണമെന്നും അവനെ കാണാന്‍ കര്‍ഷകരുടെ തിരക്കാണെന്നും സംഘാടകന്‍ മഹേഷ് ബേന്ദ്ര പറഞ്ഞു. 180 സ്റ്റാളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഗജേന്ദ്രയുടെ സ്റ്റാളിലാണ് കൂടുതല്‍ കാണികള്‍ എത്തുന്നത്.
15 ലിറ്റര്‍ പാലും മൂന്ന് കിലോ ആപ്പിളും നിര്‍ബന്ധം: പഞ്ചാബില്‍ വച്ചാണ് ഗജേന്ദ്ര എന്ന പോത്തിന് ഒന്നര കോടി രൂപ കച്ചവടക്കാര്‍ പറഞ്ഞത്. ദിവസവും നല്‍കുന്ന കാലിത്തീറ്റക്ക് പുറമെ 15 ലിറ്റര്‍ പാലും മൂന്ന് കിലോ ആപ്പിളും ഗജേന്ദ്രക്ക് നിര്‍ബന്ധമാണ്. വലിപ്പത്തില്‍ ഭീമനായതു കൊണ്ട് തന്നെ അവന്‍റെ ഭാരം കാരണം വയലിലെ പണികള്‍ ചെയ്യാന്‍ ഗജേന്ദ്രക്ക് ഇപ്പോള്‍ സാധിക്കാറില്ല. വീട്ടിലെ മറ്റു പോത്തുകളെ ഉപയോഗിച്ചാണ് പണികള്‍ ചെയ്യുന്നതെന്ന് ഗജേന്ദ്രയുടെ ഉടമ പറയുന്നു.
'ഞങ്ങളുടെ വീട്ടിൽ 50 എരുമകളുണ്ട്. അവ 100 മുതൽ 150 ലിറ്റർ വരെ പാൽ തരും. ആ പാലിന് ദിവസം 4000 മുതൽ 5000 രൂപ വരെ ലഭിക്കാറുണ്ട്. അതില്‍ നിന്നാണ് ഗജേന്ദ്രയുടെ ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത്', ഉടമ പറഞ്ഞു. ഹരിയാനയില്‍ ഗജേന്ദ്രയെ വില്‍ക്കാനാണ് ഉടമയുടെ ആഗ്രഹം. നാലോ അഞ്ചോ കോടി രൂപയ്‌ക്ക് ഗജേന്ദ്രനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഉടമ പറഞ്ഞു.
ബീഡിലെ കാര്‍ഷികോത്സവം: പ്രദേശത്തെ കര്‍ഷകര്‍ക്കിടയില്‍ ആധുനിക സാങ്കേതിക വിദ്യ എത്തിക്കുന്നതിനായി കൃഷി രത്ന ഗണേശ് റാവു ബെദ്രേയുടെ പേരില്‍ വര്‍ഷവും നടത്തിവരുന്ന പരിപാടിയാണ് ബീഡിലെ ഈ കാര്‍ഷികോത്സവം. കിസാന്‍ കൃഷി പ്രതിഷ്‌ഠാന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബീഡില്‍ ഈ കാര്‍ഷികോത്സവം നടന്നു വരികയാണ്.
ഇത്തവണത്തെ കാര്‍ഷികോത്സവത്തില്‍ 180 സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളികള്‍ക്ക് സഹായകമാകുന്ന ആധുനിക യന്ത്രങ്ങള്‍ അടക്കം സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കാര്‍ഷികോത്സവത്തില്‍ കൃഷിയെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും നടക്കും.