ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ന് 2022-23 ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയുടെ ബജറ്റ് സമ്മേളനങ്ങളുടെ ചരിത്രം ഓർമ്മിക്കേണ്ടതാണ്. സംഭവങ്ങൾ വളരെ രസകരമാണ്, കൂടാതെ പ്രധാനപ്പെട്ടതും ചരിത്രപരവുമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 1860-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചത്.
1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം, ബജറ്റ് അവതരിപ്പിക്കുന്ന രീതിയിലും അതിന്റെ സമയക്രമത്തിലും തീയതിയിലും ഭാഷയിലും രസകരവും ചരിത്രപരവുമായ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ബജറ്റിന്റെ യാത്രയിലൂടെ കടന്നുപോകാം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ്:
1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26 ന് അഭിഭാഷകനും സാമ്പത്തിക വിദഗ്‌ധനുമായിരുന്ന അന്നത്തെ ധനമന്ത്രി ആർ കെ ഷൺമുഖം ഷെട്ടി അവതരിപ്പിച്ചു. നികുതി വിവരങ്ങൾ ഉൾപ്പെടുത്താതെ ഏഴ് മാസത്തെ കാലയളവിലുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ആദ്യമായി ധനമന്ത്രിക്ക് ബജറ്റ് റിപ്പോര്‍ട്ട് ഹിന്ദിയിൽ ലഭ്യമായി:
ഇന്ത്യയുടെ മൂന്നാമത്തെ ധനമന്ത്രിയായിരുന്ന സി.ഡി. ദേശ്‌മുഖ് ബജറ്റിൽ ചരിത്രപരമായ നിരവധി മാറ്റങ്ങൾ വരുത്തി. 1951 മുതൽ 1957 വരെ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ദേശ്‌മുഖിന്‍റെ കാലത്താണ് ആദ്യമായി ബജറ്റിന്റെ കോപ്പി ഇംഗ്ലീഷിലും ഹിന്ദിയിലും അച്ചടിക്കുന്നത്. നേരത്തെ ബജറ്റ് കോപ്പി ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരുന്നു അച്ചടിച്ചിരുന്നത്.
ഇതോടൊപ്പം ബജറ്റിന്റെ രീതികളിലും സ്വഭാവത്തിലും ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ധനമന്ത്രി എന്ന നിലയിലും ദേശ്‌മുഖ് ഓർമിക്കപ്പെടുന്നു. രാജ്യത്ത് പഞ്ചവത്സര പദ്ധതികൾക്ക് തുടക്കമിട്ടതും കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള പദ്ധതിയും കൊണ്ടുവന്നതും അദ്ദേഹത്തിന്‍റെ കാലത്താണ്. എന്നിരുന്നാലും, അദ്ദേഹത്തിന് മുമ്പ്, രാജ്യത്തിന്റെ രണ്ടാമത്തെ ധനമന്ത്രി ജോൺ മത്തായി 1949 ലെ തന്‍റെ ബജറ്റിൽ ആസൂത്രണ കമ്മീഷനെയും പഞ്ചവത്സര പദ്ധതിയെയും പരാമർശിച്ചിരുന്നു.
ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത:
നിലവിലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വനിതയാണ്, അവർക്ക് മുമ്പ് മറ്റൊരു വനിതാ നേതാവ് പാർലമെന്‍റിൽ ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ച ആദ്യ വനിതയാണ് ഇന്ദിരാഗാന്ധി. 1969-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉപപ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയിൽ നിന്ന് ധനമന്ത്രാലയത്തിന്‍റെ ചുമതല പിൻവലിച്ച് സ്വയം ധനമന്ത്രിയായി ചുമതലയേറ്റെടുത്തു.
ഇതിൽ രോഷാകുലനായ മൊറാർജി ദേശായി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമന്ത്രി എന്നതിന് പുറമെ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്‌തിരുന്ന ഇന്ദിരാഗാന്ധി 1970ൽ ബജറ്റ് അവതരിപ്പിച്ചതോടെ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയായി. പ്രധാനമന്ത്രി എന്ന നിലയിൽ പാർലമെന്‍റിൽ ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോഡ് ജവഹർലാൽ നെഹ്‌റുവിന് ആയിരുന്നു.
ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി:
രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്‍റെ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്. ജവഹർലാൽ നെഹ്‌റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും സർക്കാരിൽ ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്ന രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന മൊറാര്‍ജി ദേശായി 10 തവണ ബജറ്റ് അവതരിപ്പിച്ച് കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോർഡ് സ്വന്തമാക്കി. ഇതിൽ 8 തവണ അദ്ദേഹം വാർഷിക പൊതു ബജറ്റും 2 തവണ ഇടക്കാല ബജറ്റും അവതരിപ്പിച്ചു.
സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ ഉദാരവൽക്കരണത്തിന്‍റെ പാതയിൽ എത്തിച്ച ധനമന്ത്രി:
1991-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു, നെഹ്‌റു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള പ്രധാനമന്ത്രിയല്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് സർക്കാരായിരുന്നു ഇത്. പി വി നരസിംഹ റാവു മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കി, 1991-ൽ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സിംഗ് അവതരിപ്പിച്ച ബജറ്റ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലായി കുറിക്കപ്പട്ടു.
മൻമോഹൻ സിംഗ് സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു, 'ലൈസൻസ് രാജ്' നിർത്തലാക്കാൻ തുടങ്ങി, അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ഉദാരവൽക്കരണത്തിന്‍റെ പാതയിൽ അതിവേഗം ഓടുന്നത് കണ്ടു.
ALSO READ:പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ
ബജറ്റ് അവതരണ സമയം മാറ്റിയ ധനമന്ത്രി:
ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന പ്രവണത ആരംഭിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്, അതിനാൽ ഇന്ത്യൻ പാർലമെന്‍റിൽ ബജറ്റ് അവതരിപ്പിക്കാനുള്ള സമയവും അദ്ദേഹം തന്‍റെ രാജ്യത്തെ പാർലമെന്‍റിനനുസരിച്ച് നിശ്ചയിച്ചിരുന്നു. ലണ്ടനിൽ പകൽ 11 മണിയാകുമ്പോൾ, ഇന്ത്യന്‍ സമയം വൈകുന്നേരം 5 മണി. അതുകൊണ്ടാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ പാർലമെന്‍റിൽ വൈകുന്നേരം 5 മണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും പതിറ്റാണ്ടുകളായി വൈകിട്ട് അഞ്ചിന് മാത്രമാണ് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ ബജറ്റ് അവതരിപ്പിക്കുന്ന സമയം മാറ്റി, 1999-ൽ രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി അഞ്ച് മണിക്ക് പകരം പകൽ ബജറ്റ് അവതരിപ്പിച്ചു. അതിനുശേഷം ഈ പാരമ്പര്യം പിന്തുടരുകയും ചെയ്യുന്നു. നിലവിലെ ധനമന്ത്രി നിർമല സീതാരാമനും ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് അവതരണ തീയതി മാറ്റിയ ധനമന്ത്രി:
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരണ ദിവസത്തില്‍ വലിയ മാറ്റം വരുത്തി. 2017-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഫെബ്രുവരിയിലെ അവസാന ദിവസത്തിനു പകരം ഒന്നാം തിയതിയിൽ ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചു, അതിനുശേഷം എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
ഒമ്പത് പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന് വിരാമമിട്ട് ജെയ്റ്റ്‌ലിയുടെ കാലത്ത് റെയിൽവേ ബജറ്റും പൊതുബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ ആദ്യ വനിത ധനമന്ത്രി നിർമല സീതാരാമൻ:
1970ൽ ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിയാണ് ധനവകുപ്പിന്‍റെ ചുമതലയുള്ള ആദ്യ വനിതയെങ്കിലും രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയെന്ന റെക്കോർഡ് നിർമല സീതാരാമന്‍റെ പേരിലാണ്. ഫെബ്രുവരി ഒന്നിന് സീതാരാമൻ തന്‍റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു.
എന്നാൽ ആദ്യ വനിതാ ധനമന്ത്രി എന്നതിനൊപ്പം, അത്തരം നിരവധി റെക്കോർഡുകളും അവരുടെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്, അതുവഴി ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്ന ധനമന്ത്രിമാരുടെ പട്ടികയിൽ അവരുടെ പേരും ചേര്ക്കപ്പെട്ടു.
ബ്രീഫ്‌കേസിലോ സ്യൂട്ട്‌കേസിലോ ബജറ്റ് രേഖകൾ കൊണ്ടു വന്നിരുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പാരമ്പര്യം മാറ്റി പകരം ചുവന്ന തുണികൊണ്ടുള്ള ഒരു ബാഗിൽ ബജറ്റ് പേപ്പറുകൾ വഹിച്ചാണ് അവർ 2019 ൽ പാർലമെന്‍റിലേക്ക് പോയത്. കൊവിഡ് കണക്കിലെടുത്ത്, 2021-ൽ ആദ്യമായി പൂർണമായും കടലാസ് രഹിത ഡിജിറ്റൽ ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചു.
ഈ വർഷം ബജറ്റ് പകർപ്പ് അച്ചടിക്കുന്ന പതിവ് നിർത്തി. ഇതോടെ പുസ്‌തകങ്ങൾക്കും പേപ്പറുകൾക്കും പകരം ടാബുകളിൽ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ആദ്യ ധനമന്ത്രിയായി സീതാരാമൻ.
ഇത്തവണയും പൂർണമായും കടലാസ് രഹിത ഡിജിറ്റൽ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്നത്. 2022-2023 ലെ ഈ ബജറ്റ് സമ്മേളനം 'ഹൽവ ചടങ്ങ്' നടത്താത്തതിന്‍റെ പേരില്‍ ഓർമ്മിക്കപ്പെടും. ബജറ്റിന് മുന്നോടിയായി, ധനകാര്യ മന്ത്രാലയത്തിൽ പരമ്പരാഗതമായി എല്ലാ വർഷവും ഒരു 'ഹൽവ ചടങ്ങ്' സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ കൊവിഡ് ഭീഷണിയും പുതിയ വകഭേദമായ ഒമിക്രോണും കാരണം ഹൽവ ചടങ്ങ് സംഘടിപ്പിച്ചില്ല. പകരം ജീവനക്കാർക്ക് മധുരം നൽകി.
ഇതുവരെയുള്ള ബജറ്റ് അവതരണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം എന്ന റെക്കോർഡും നിലവിലെ ധനമന്ത്രി നിർമല സീതാരാമന്‍റെ പേരിലായി. 2020ലെ ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനിടെ 2 മണിക്കൂർ 41 മിനിറ്റ് പ്രസംഗം നടത്തി അവർ പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. നേരത്തെ എൻഡിഎ സർക്കാരിന്‍റെ മറ്റൊരു ധനമന്ത്രി ജസ്വന്ത് സിങ്ങിന്‍റെ പേരിലായിരുന്നു ഈ റെക്കോർഡ്.
2003ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്‍റെ ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ജസ്വന്ത് സിങ് 2 മണിക്കൂർ 13 മിനിറ്റ് പ്രസംഗം നടത്തിയിരുന്നു.