ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പിന്‍റെ യോഗം ഇന്ന് ചേരും. തിങ്കളാഴ്ച (14.03.22) ആരംഭിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. ജൻപഥില്‍ രാവിലെ 10.30നാണ് യോഗം ചേരുക.
പാർലമെന്‍റിന്‍റെ രണ്ട് സഭകളിലും കോൺഗ്രസ് സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗത്തിന് ഒരു ദിവസം ശേഷിക്കെ മാത്രമാണ് കോണ്‍ഗ്രസ് പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പിന്‍റെ യോഗം വിളിച്ചതെന്നും ശ്രദ്ധേയമാണ്. ഏപ്രിൽ എട്ടിനാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പകുതി അവസാനിക്കുക. നേരത്തെ ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയാണ് ആദ്യ ഭാഗം നടന്നത്.
പഞ്ചാബ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വൈകീട്ട് 4ന് പാർട്ടി ആസ്ഥാനത്ത് യോഗം ചേരും. 2021 ഒക്‌ടോബറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനമായി ചേര്‍ന്നത്.
പഞ്ചാബിൽ ഭരണം നഷ്‌ടമായ കോണ്‍ഗ്രസ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പഞ്ചാബില്‍ 2017ല്‍ 80 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഇത്തവണ 18 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
also read: രാജ്യത്തെ എല്ലാ മതേതര, പ്രാദേശിക പാർട്ടികളും ഒന്നിക്കണം : എച്ച്ഡി ദേവഗൗഡ
തെരഞ്ഞെടുപ്പ് പരാജയത്തോടെ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനുള്ള മുറവിളി വീണ്ടും ഉയർന്നിട്ടുണ്ട്. കപില്‍ സിബല്‍, മനീഷ് തിവാരി ഉള്‍പ്പടെയുള്ള ജി 23 നേതാക്കൾ വെള്ളിയാഴ്‌ച വൈകീട്ട് മുതിർന്ന നേതാവും സിഡബ്ല്യുസി അംഗവുമായ ഗുലാം നബി ആസാദിന്‍റെ വസതിയിൽ യോഗം ചേർന്നിരുന്നു.
എഐസിസി അടിയന്തര യോഗം ആവശ്യപ്പെട്ട ജി 23 നേതാക്കള്‍, പുതിയ കോൺഗ്രസ് അധ്യക്ഷനെ നിയമിക്കുന്നതിനൊപ്പം പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.