ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നൽകും. 11 മണിക്കൂർ 25 മിനിറ്റ് നീണ്ടുനിന്ന നന്ദിപ്രമേയ ചർച്ചയില്‍ മൂന്ന് വനിതകള്‍ ഉൾപ്പെടെ 40 അംഗങ്ങൾ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടിയോടെ ബിസിനസ് ഉപദേശക സമിതി (ബിഎസി) അനുവദിച്ച ചർച്ചയുടെ ആകെ ദൈർഘ്യം 12 മണിക്കൂർ കവിയും. പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ച ആരംഭിക്കും.
തിങ്കളാഴ്‌ച രാവിലെ ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മോദി വിഭജിച്ച് ഭരിക്കുക എന്ന നയമാണ് പാര്‍ട്ടി പിന്തുടരുന്നതെന്നും തുക്‌ഡെ തുക്‌ഡെ സംഘത്തിന്‍റെ നേതൃത്വമായി മാറിയെന്നും ആരോപിച്ചു.
ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്‍റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയുമാണ് നടക്കുക.