ന്യൂഡൽഹി : വ്യാജ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വന്‍തുക തട്ടിയ സംഘം അറസ്റ്റില്‍. പശ്ചിം വിഹാര്‍ സ്വദേശിയായ വിജയ് അറോറ(37), നിലോത്തി എക്സ്റ്റൻഷൻ നിവാസികളായ മൻമീത് സിങ് (29), അവ്താർ സിങ് (32), ബിജ്വാസൻ പ്രദേശവാസി രാജ്‌കുമാർ (30), റാണി ബാഗുകാരനായ പ്രദീപ് കുമാർ (32) എന്നിവരാണ് പിടിയിലായത്.
തട്ടിയെടുത്തത് 25 കോടിയോളം രൂപ
വെബ്‌സൈറ്റ് ജനങ്ങളിലേക്ക് എത്തുന്നതിനായി സെര്‍ച്ച് എന്‍ജിന്‍ ഒപ്‌റ്റിമൈസേഷന്‍ സാധ്യത ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വിജയ് അറോറയാണ് കേസിലെ മുഖ്യപ്രതി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരത്തിലധികം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. 25 കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
www.bookmytab.com എന്ന വെബ്‌സൈറ്റില്‍ നിരവധി ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളുടെ പരസ്യം നല്‍കി ഇവ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ പണം ആവശ്യപ്പെടും.
3,699 മുതല്‍ 3,999 രൂപ വരെയാണ് ഇത്തരത്തില്‍ ഇവര്‍ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടുക. ശേഷം, ഓര്‍ഡര്‍ ചെയ്‌ത ആള്‍ക്ക് ഉത്‌പന്നം നല്‍കില്ല. ഇതാണ് തട്ടിപ്പിന്‍റെ രീതി.
ക്യാമ്പയിനായി ബി ടെക് ബിരുദധാരി
മൂന്ന് വർഷത്തിനിടെ 60 ൽ അധികം വ്യാജ ഷോപ്പിങ് വെബ്സൈറ്റുകളാണ് പ്രതികള്‍ നിര്‍മിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് വാഗ്‌ദാനം ചെയ്യുക.
ആളുകള്‍ റീഫണ്ട് ആവശ്യപ്പെട്ടാൽ നിലവാരമില്ലാത്ത ഉത്‌പന്നങ്ങള്‍ അയച്ചുകൊടുത്ത് തടി തപ്പുന്നതും ഈ തട്ടിപ്പു സംഘത്തിന്‍റെ രീതിയാണ്.
മുഖ്യപ്രതിയായ വിജയ് അറോറയുടെ ഓഫിസിൽ നിന്നും ഇത്തരത്തില്‍ നല്‍കാന്‍ സൂക്ഷിച്ചിരുന്ന ഗുണമേന്മയില്ലാത്ത വസ്‌ത്രങ്ങളും ടാബുകളും പൊലീസ് പിടിച്ചെടുത്തു.
പ്രതികളിലൊരാളായ പ്രദീപ് കുമാർ കർണാടകയിൽ നിന്നുള്ള ബി.ടെക് ബിരുദധാരിയാണ്. ഇയാളാണ് ഓൺലൈൻ ക്യാമ്പയിന്‍ മാനേജര്‍.
സെർച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷൻ വിദ്യകള്‍ ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റുകളെ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് ഇയാളാണ് എത്തിച്ചിരുന്നത്.
അറോറയ്‌ക്കായി അദ്ദേഹം ഇതുവരെ 30 ലധികം വെബ്‌സൈറ്റുകൾ നിര്‍മിച്ചിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ALSO READ: അഫ്‌ഗാന്‍ പ്രതിസന്ധി : നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ ക്യാബിനറ്റ് കമ്മിറ്റി യോഗം