ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ആക്ഷേപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥി മുഖം മാറ്റിയത് കോൺഗ്രസ് പാർട്ടിയുടെ ദയനീയാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി.
യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ വളരെ ദയനീയമാണ്. കോൺഗ്രസിനെ പിന്തുണച്ച് ജനങ്ങൾ അവരുടെ വോട്ടുകൾ പാഴാക്കരുതെന്നും ഏകപക്ഷീയമായി ബിഎസ്പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും മായാവതി അഭ്യർഥിച്ചു.
ബിജെപിക്കെതിരെ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. ജനങ്ങൾ അതിനെ അവഗണിക്കണം. യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ വോട്ട് വെട്ടിക്കുറയ്ക്കുന്ന പാർട്ടിയായാണ് കാണുന്നതെന്നും അവർ ആക്ഷേപിച്ചു.
READ MORE:യുപിയിൽ ബിജെപി ഒഴികെ ആരുമായും സഖ്യത്തിന് തയാറെന്ന് പ്രിയങ്ക ഗാന്ധി
രണ്ട് ദിവസം മുമ്പ് ഡൽഹിയിലെ പ്രചാരണ പരിപാടിയിൽ, യുപിയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് 'യുപിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും' എന്നായിരുന്നു പ്രയിങ്ക ഗാന്ധിയുടെ മറുപടി. എന്നാൽ പിന്നീട് ഒരു അഭിമുഖത്തിൽ പാർട്ടിയുടെ മുഖം താൻ മാത്രമല്ലെന്ന് പ്രിയങ്ക തിരുത്തിപ്പറയുകയായിരുന്നു.
ഉത്തർപ്രദേശിൽ ബിഎസ്‌പിയുടെ പ്രചാരണം നിലവാരം കുറഞ്ഞതാണെന്നും അത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് മായാവതി വിമർശനവുമായി രംഗത്തെത്തിയത്.