അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിലെ അട്ടാരി-വാഗ അതിർത്തിയിൽ ദേശസ്‌നേഹവും ആവേശവും നിറച്ച് രാജ്യത്തിന്‍റെ 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ചു. സീറോ ലൈനിൽ നിന്നും പാകിസ്ഥാൻ പോസ്റ്റുകളിൽ നിന്നും ഏതാനും മീറ്റർ അകലെ ബിഎസ്എഫിന്‍റെ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (ഡിഐജി) ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് അട്ടാരി- വാഗാ അതിർത്തിയിലെ പാകിസ്ഥാൻ റേഞ്ചേഴ്‌സിന് ബിഎസ്‌എഫ് മധുരം നൽകി. റിപ്പബ്ലിക് ദിനഘോഷത്തിന്‍റെ ഭാഗമായി അതിർത്തിയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ റേഞ്ചേഴ്‌സിന് മധുര പലഹാരങ്ങൾ നൽകുമെന്നും ബിഎസ്എഫ് കമാൻഡന്‍റ് ജസ്ബീർ സിങ് അറിയിച്ചു.
അതേസമയം വർണാഭമായ ചടങ്ങുകളോടെയാണ് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. ദേശീയ യുദ്ധസ്‌മാരകത്തില്‍ പ്രധാനമന്ത്രി പുഷ്‌പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി.
ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്‌തിലെ ഒരു നേതാവ് അതിഥിയാകുന്നത്. സെന്‍ട്രല്‍ വിസ്‌തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് 74-ാമത് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പ്രത്യേക ക്ഷണമുണ്ടായിരുന്നു.