ജോധ്‌പൂർ : രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ വഴി ഇറക്കിയ ലഹരി വസ്‌തുക്കൾ അതിർത്തി സുരക്ഷ സേന (Border Security Forces) കണ്ടെടുത്തു. നാല് പാക്കുകളിലായി 10 കിലോയോളം വരുന്ന ഹെറോയിനാണ് ബിഎസ്‌എഎഫ് കണ്ടെടുത്തത്. ഏകദേശം 53 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്‌തുവാണ് നാല് പൊതികളിലായി ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
ശ്രീഗംഗാനഗറിലെ ശ്രീകരൻപൂരിനോട് ചേർന്നുള്ള അതിർത്തിയിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്‌എഫ് ജവാന്മാരാണ് ലഹരി പിടിച്ചെടുത്തത്. ഇന്നലെ രാത്രി പാകിസ്ഥാൻ അതിർത്തി ഭാഗത്ത് നിന്ന് ഡ്രോൺ പ്രവർത്തിക്കുന്ന ശബ്‌ദം കേട്ടാണ് സൈനികർ പരിശോധന നടത്തിയത്. തുടർന്ന് അതിർത്തി ലംഘിച്ച് കടന്നുവന്ന ഡ്രോൺ സൈനികർ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
ഉടൻ തന്നെ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ച സുരക്ഷ ഉദ്യോഗസ്ഥർ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ നിലയിൽ മൂന്ന് പാക്കറ്റ് ഹെറോയിൻ കണ്ടെത്തുകയായിരുന്നു. ശേഷം ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ എന്ന് സംശയിക്കുന്ന മറ്റൊരു പാക്കറ്റ് കൂടി കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്‌തുക്കൾ വിശദമായ അന്വേഷണത്തിനായി ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം ജൂലൈ 19 ന് രാത്രി റൈസിങ് നഗറിൽ സമാന സംഭവം നടന്നിരുന്നു. പാകിസ്ഥാൻ ഡ്രോൺ ബിഎസ്‌എഫ് സൈനികർ വെടിവച്ച് വീഴ്‌ത്തുകയും മൂന്ന് പാക്കറ്റ് ഹെറോയിൻ കണ്ടെത്തുകയും ചെയ്‌തു. ജൂൺ 21 നും 24 നും രാജസ്ഥാനിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മൂന്ന് വർഷത്തിനിടെ 53 സംഭവങ്ങൾ : ഈ മാസം ആദ്യം നടന്ന ലോക്‌സഭ സമ്മേളനത്തിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഞ്ചാബ് അതിർത്തിയിലൂടെ ലഹരിവസ്‌തുക്കളും ആയുധങ്ങളും കടത്തിയ 53 സംഭവങ്ങൾ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക് അറിയിച്ചത്. പഞ്ചാബിലെ ഇന്ത്യ - പാക് അതിർത്തിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചിരിക്കുകയാണെന്ന് സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിനാണ് നിസിത് പ്രമാണിക് മറുപടി നൽകിയത്. ഇതിന്‍റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ ബിഎസ്‌എഫിന്‍റെ നേതൃത്വത്തിൽ നിരീക്ഷണവും പട്രോളിങും ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.
കൂടാതെ പൊതുജനങ്ങൾക്ക് ഇത്തരം ഡ്രോണുകളെ കുറിച്ച് അവബോധം നൽകാനും ഇവ ശ്രദ്ധയിൽപ്പെട്ടാൽ ലോക്കൽ പൊലീസിനേയോ ബിഎസ്‌എഫ് ഉദ്യോഗസ്ഥരേയോ അറിയിക്കാൻ അവരെ ബോധവാന്മാക്കാനും വേണ്ട നടപടികൾ കൂടി കൈക്കൊണ്ടിട്ടുണ്ടെന്നും നിസിത് പ്രമാണിക് കൂട്ടിച്ചേർത്തിരുന്നു.