ഹൈദരാബാദ് (തെലങ്കാന) : രാജ്യത്തിന്‍റെ നിയമ നിർമാണത്തിൽ നാഴികക്കല്ല് അടയാളപ്പെടുത്തിയാണ് ലോക്‌സഭയിൽ കഴിഞ്ഞ ദിവസം വനിത സംവരണ ബിൽ (women's Reservation Bill ) പാസാക്കിയത്. നിയമനിർമാണ സ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിയമനിർമാണത്തിന്‍റെ പ്രധാന വക്താക്കളിലൊരാളായ ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി (Member of the Legislative Council) കെ കവിത, വനിത സംവരണ ബില്ലിൽ പ്രതികരിച്ച് ബുധനാഴ്‌ച രംഗത്തെത്തി (BRS MLC K Kavitha On women's Reservation Bill). രാഷ്‌ട്രീയ പ്രക്രിയയിൽ സ്‌ത്രീകളുടെ കൂടുതൽ ശക്തവും പ്രാധാന്യമുള്ളതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പെന്നാണ് ബില്ലിനെ കെ കവിത വിശേഷിപ്പിച്ചത്.
ബിൽ പാസാക്കിയതിനെ അഭിനന്ദിക്കുന്നതിനോടൊപ്പം കരട് നിയമ നിർമാണത്തിൽ നിന്ന് 'ഒബിസി സബ് ക്വാട്ട' (OBC sub-quota) ഒഴിവാക്കിയത് വേദനാജനകമാണെന്ന് അവർ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (Telangana Chief Minister K Chandrasekhar Rao) മകൾ കൂടിയായ കെ കവിത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ 47 രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട് നേരത്തെ കത്തയച്ചിരുന്നു. രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ബിൽ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
നേരത്തെ, ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് എംഎൽസി മാർച്ചിൽ നിരാഹാര സമരം നടത്തിയിരുന്നു. അതേസമയം ഈ ബിൽ പാസായതിൽ എല്ലാ പൗരന്മാരെയും, പ്രത്യേകിച്ച് സ്‌ത്രീകളെ അഭിനന്ദിക്കുന്നതിനായി ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷത്തിൽ ബിൽ പാസായതിന് പിന്നാലെ കവിത പ്രതികരിച്ചു. 'മികച്ച പങ്കാളിത്തം നേടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണിത്.
രാഷ്‌ട്രീയ പ്രക്രിയയിൽ തീർച്ചയായും ഈ നിയമം രാജ്യത്തിന്‍റെ ജനാധിപത്യ അടിത്തറ ഉയർത്താൻ സഹായിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാൽ തന്നെ പാർലമെന്‍ററി ചർച്ചകളിൽ കൂടുതൽ വനിതാ അംഗങ്ങൾ പങ്കെടുക്കുന്നത് ഗുണനിലവാരം ഉയർത്തും' -കവിത പറഞ്ഞു.
എന്നാലിതിൽ പ്രധാനമായ രണ്ട് ഒഴിവാക്കലുകൾ നടന്നിട്ടുണ്ടെന്നും കരട് നിയമ നിർമാണത്തിൽ ഒബിസി സബ് ക്വാട്ട നൽകാത്തതിനെ പരാമർശിച്ച് കവിത ചൂണ്ടിക്കാട്ടി. 'ഇതിൽ ഏതൊരാളുടെയും കണ്ണിൽ പെടുന്ന രണ്ട് ഒഴിവാക്കലുകൾ ഉണ്ട്. ഒബിസി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകൾക്ക് ഒരു സബ്-ക്വാട്ട നൽകാത്തത് വേദനാജനകമാണ്. ഇതിനായി ഒരു ഉപ-ക്വാട്ട ചേർക്കണമായിരുന്നു. ഇത് നിയമനിർമാണ പ്രക്രിയയിൽ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്‌ത്രീകൾക്ക് സമാനമായ പ്രാതിനിധ്യം ഉറപ്പാക്കും' -കവിത പറഞ്ഞു.
അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് 454 എംപിമാരുടെ വോട്ടോടെ സഭയിൽ 'നാരി ശക്തി വന്ദൻ അധിനിയം' (Nari Shakti Vandan Adhiniyam) എന്നറിയപ്പെടുന്ന ബില്‍ പാസായത്. രണ്ട് എംപിമാര്‍ മാത്രമാണ് സ്ലിപ് നൽകി നടത്തിയ വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്തത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) ആണ് പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായി ഇത് സഭയിൽ അവതരിപ്പിച്ചത്. സ്‌പീക്കർ ഓം ബിർള ലോക്‌സഭയില്‍ ബിൽ പാസാക്കിയതായി പ്രഖ്യാപിച്ചതോടെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷം ലോക്‌സഭ പാസാക്കിയ ആദ്യ ബില്ലായി 'നാരി ശക്തി വന്ദൻ അധിനിയം മാറി'.
ബിൽ പാസാക്കിയതിലൂടെ ചരിത്രം സൃഷ്‌ടിക്കപ്പെടുകയാണെന്ന് മേഘ്‌വാൾ പ്രതികരിച്ചു. ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ കാലതാമസത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്‍റെ വിമർശനം നിരസിച്ച മേഘ്‌വാൾ, ബിൽ സുതാര്യത ഉറപ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം വിഭാവനം ചെയ്യുന്ന, ഭരണഘടനയുടെ 128–ാം ഭേദഗതിയായ ഈ ബിൽ ഇന്ന് (സെപ്‌റ്റംബര്‍ 21) രാജ്യസഭയിലും അവതരിപ്പിക്കും.
അതേസമയം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ബിൽ പാസാക്കിയത്. ചര്‍ച്ചയില്‍ ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷ അംഗങ്ങള്‍ വിമർശിച്ചിരുന്നു. ബില്‍ തിരക്കിട്ട് അവതരിപ്പിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.
ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയ സോണിയ ഗാന്ധി ചില ആശങ്കകള്‍ ഇല്ലാതാകുന്നില്ലെന്നും പറഞ്ഞു. ബില്ലില്‍ ഒബിസി സംവരണം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ വാദം തള്ളിയ ആഭ്യന്തര മന്ത്രി അമിത് ഷാ വനിത സംവരണ ബില്ലിന്‍റെ ക്രെഡിറ്റ് ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രതികരിച്ചു.
ബില്ലിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്നും സംവരണം ചെയ്യേണ്ട സീറ്റുകൾ സംബന്ധിച്ച് കമ്മിഷൻ തീരുമാനിക്കുമെന്നും ഷാ പറഞ്ഞു. നേരത്തെ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്‍റെ കാലത്ത് (2010) രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നുവെങ്കിലും ലോക്‌സഭയിൽ അത് പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. അതേസമയം തിങ്കളാഴ്‌ച ആരംഭിച്ച പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വെള്ളിയാഴ്‌ച വരെ തുടരും.