ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി(Bharasa) യെ തിരികെ തെലങ്കാന രാഷ്ട്ര സമിതി (TERAS) ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ഇത്തരമൊരു മാറ്റം പാര്‍ട്ടിക്ക് ഗുണകരമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത ക്ഷതം പാര്‍ട്ടിയെ ജനങ്ങളിലേക്ക് തന്നെ തിരികെ എത്തിക്കുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. (Bharat rashtra samiti)
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ വിശകലനത്തില്‍ മിക്ക നേതാക്കളും ഇത്തരമൊരു അഭിപ്രായം ഉയര്‍ത്തിയെന്നാണ് സൂചന(Telangana rashtra samiti).
വാറങ്കല്‍ ലോക്‌സഭാ മണ്ഡലത്തിലെ യോഗത്തിനിടെ ബിആര്‍എസ് നേതാവ് കദിയം ശ്രീഹരി പാര്‍ട്ടി എക്‌സിക്യൂട്ടീവ് അധ്യക്ഷന്‍ കെടിആറിന്‍റെ സാന്നിധ്യത്തില്‍ തന്നെയാണ് ഈ അഭിപ്രായം വ്യക്തമാക്കിയത്. തെലങ്കാന പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഒരു സ്വത്വം ഉണ്ടായിരുന്നു. തെലങ്കാന നീക്കി ഭാരത് എന്ന് ചേര്‍ത്തപ്പോള്‍ അത് തെലങ്കാന എന്ന വികാരത്തെ ബാധിച്ചു. ഇന്ത്യ അവരുടേത് അല്ലെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Kadiam Srihari).
ഒന്ന് രണ്ട് ശതമാനം പേര്‍ക്ക് ഈ അഭിപ്രായമുണ്ടെങ്കിലും അത് കൊണ്ടൊന്നുമല്ല വോട്ട് നഷ്ടമായത് എന്നാണ് ചില പ്രവര്‍ത്തകരുടെ പക്ഷം. ബിആര്‍എസ് എന്ന പേരിന് ജനങ്ങളില്‍ അത്രമാത്രം സ്വാധീനം ചെലുത്താനായിട്ടില്ലെന്ന അഭിപ്രായം ചിലര്‍ക്കുണ്ട്. പാര്‍ട്ടിയുടെ ഐശ്വര്യമായ തെലങ്കാന എടുത്ത് മാറ്റരുതെന്ന അഭിപ്രായം ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ടിആര്‍എസിലേക്ക് തിരികെ പോകുന്നത് നന്നായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ബിആര്‍എസ് എന്ന പേര് അത്യന്താപേക്ഷിതമാണെങ്കില്‍ നിലനിര്‍ത്താമെന്നും ചിലര്‍ പറയുന്നു. അതേസമയം ടിആര്‍എസ് എന്ന പേരിലേക്ക് തിരികെ പോകാനുള്ള ശ്രമം തുടരുമെന്നും അതിന് എന്തെങ്കിലും നിയമപ്രശ്നങ്ങള്‍ ഉണ്ടോയെന്ന് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുമെന്നും മുന്‍ എംപി വിനോദ്‌കുമാര്‍ പറഞ്ഞു. ഏതായാലും ഇക്കാര്യം മുന്‍ഗണനാവിഷയമായി പരിഗണിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെസിആറിന് മുന്നില്‍ തന്നെ എത്തിക്കണമെന്ന് കദിയം ശ്രീഹരി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ബിആര്‍എസ് ഏറ്റുവാങ്ങിയത്. സംസ്ഥാന രൂപീകരണം മുതലിങ്ങോട്ട് അധികാരത്തില്‍ തുടര്‍ന്ന ബിആര്‍എസിനെ കടപുഴക്കി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. ഇത് ബിആര്‍എസിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഈ പരാജയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച് മറികടക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
Also Read: ഹൈദരാബാദ് പിടിച്ചാല്‍ തെലങ്കാന ഭരിക്കാം...ബിആർഎസ് മാത്രമല്ല കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്...