ചെന്നൈ: 1929-ൽ തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയൻ മഹാദേവിയുടെ വെങ്കല വിഗ്രഹം യുഎസിലെ വാഷിങ്ടൺ ഡിസിയിലെ ഫ്രീർ ഗാലറി ഓഫ് ആർട്ടിൽ നിന്ന് കണ്ടെത്തി. യുനെസ്‌കോ ഉടമ്പടി പ്രകാരം മൂന്നര അടി ഉയരമുള്ള വിഗ്രഹം വീണ്ടെടുത്ത് കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
1929-ൽ ന്യൂയോർക്കിലെ പുരാവസ്‌തു ഗവേഷകൻ ഹാഗോപ് കെവോർക്കിയനിൽ നിന്നാണ് ഫ്രീർ ഗ്യാലറി ഓഫ് ആർട്ട് വിഗ്രഹം വാങ്ങിയതെന്ന് ഐഡൽ വിംഗ് പൊലീസ് ഡയറക്ടർ ജനറൽ കെ ജയന്ത് മുരളി പറഞ്ഞു. എന്നാൽ കെവോർക്കിയൻ 1962-ൽ മരിച്ചു. അതിനാൽ തന്നെ ആരിൽ നിന്ന്, എങ്ങനെ അദ്ദേഹം വിഗ്രഹം സ്വന്തമാക്കി എന്നത് കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
2015ൽ തന്‍റെ സന്ദർശന വേളയിൽ ഫ്രീർ ഗ്യാലറി ഓഫ് ആർട്ടിലെ സെംബിയൻ മഹാദേവി വിഗ്രഹം ശ്രദ്ധയിൽപ്പെട്ടെന്ന് കാട്ടി രാജേന്ദ്രൻ എന്നയാളാണ് വേളാങ്കണ്ണി പൊലീസിൽ പരാതി നൽകിയത്. കൈലാസനാഥ സ്വാമി ശിവൻ ക്ഷേത്രത്തിലെ ആളുകളുമായി ഇക്കാര്യം പങ്കുവെച്ചെന്നും നഷ്‌ടപ്പെട്ട വിഗ്രഹമാണിതെന്ന് അവർ സ്ഥിരീകരിച്ചുവെന്നും ഇയാൾ പരാതിയിൽ പറഞ്ഞിരുന്നു.
പിന്നീട് കേസ് ഐഡൽ വിംഗ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ജയന്ത് മുരളി, ഐജി ആർ ദിനകരൻ, എസ്‌പി ബി രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം വേഗത്തിലാക്കി. 60 വർഷത്തിലേറെയായി ക്ഷേത്രത്തിൽ ജോലി ചെയ്‌തിരുന്ന ജീവനക്കാരോട് കൂടുതൽ അന്വേഷണം നടത്തി നഷ്‌ടപ്പെട്ട വിഗ്രഹമാണ് ഫ്രീർ ഗാലറി ഓഫ് ആർട്ടിൽ ഉള്ളതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചോള സാമ്രാജ്യത്തിലെ ശക്‌ത: ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞിമാരിൽ ഒരാളായിരുന്നു സെംബിയൻ മഹാദേവി. ചോള ചക്രവർത്തിയായ കണ്ഠരാദിത്യ തേവറാണ് ചോള രാജ്ഞി സെംബിയൻ മഹാദേവിയുടെ ഭർത്താവ്. ദമ്പതികൾക്ക് ഉത്തമചോള തേവർ എന്ന പുത്രനുമുണ്ടായിരുന്നു.
സെംബിയൻ മഹാദേവിക്ക് 15 വയസുള്ളപ്പോൾ അവരുടെ ഭർത്താവ് മരണപ്പെട്ടു. ആ സമയത്ത് ഉത്തമചോള തേവർക്ക് ഒരു വയസായിരുന്നു പ്രായം. ഭർത്താവിന്‍റെ മരണശേഷം രാജ്ഞി തന്‍റെ ജീവിതം ക്ഷേത്രങ്ങൾ പണിയുന്നതിനും കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചു.
ഇക്കാലത്താണ് ഇഷ്ടിക ക്ഷേത്രങ്ങളെ കരിങ്കൽ ക്ഷേത്രങ്ങളാക്കി മാറ്റിയത്. 60 വർഷക്കാലം നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ നൽകുകയും ചെയ്‌തിട്ടുണ്ട് സെംബിയൻ മഹാദേവി.