ന്യൂഡൽഹി: രോഗികളുടെ വീടിന്‍റെ പടിവാതിൽക്കൽ ചികിത്സ എത്തിക്കുന്നത് ആരോഗ്യ സംവിധാനങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെ വാരണാസിയിലെ ഡോക്‌ടർമാരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിനിടെ രോഗവ്യാപനത്തിനെതിരെ സ്വീകരിച്ച നടപടികളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
Also Read: കൊവിഡിനെതിരായ വാരണാസിയുടെ പോരാട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
മൈക്രോ കണ്ടെയ്‌നർ സോണുകൾ സൃഷ്‌ടിക്കുന്നതും ജനങ്ങളുടെ പടിവാതിൽക്കലെത്തി മരുന്നുകൾ വിതരണം ചെയ്യുന്നതും നല്ല സംരംഭമാണെന്നും ഗ്രാമങ്ങളിൽ സമഗ്രമായി തന്നെ ഈ സംരംഭം പിന്തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശി കവച് എന്ന ടെലിമെഡിസിൻ സൗകര്യം നൽകാൻ ഡോക്‌ടർമാരെയും ലാബുകളെയും ഇ-മാർക്കറ്റിംഗ് കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരുന്നത് വളരെ നൂതനമായ ഒരു സംരംഭമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പുതുച്ചേരിയിൽ 20 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചെന്ന് ഗവർണർ
ഗ്രാമങ്ങളിലെ കൊവിഡ് വ്യാപനം തടയുന്നതിനായി ആശ പ്രവർത്തകരും എഎൻഎം പ്രവർത്തകരും വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡിആർഡിഒയുടെയും ഇന്ത്യൻ ആർമിയുടെയും സംയുക്ത പരിശ്രമത്തിലൂടെ അടുത്തിടെ ആരംഭിച്ച പണ്ഡിറ്റ് രാജൻ മിശ്ര കൊവിഡ് ആശുപത്രി ഉൾപ്പെടെ വാരണാസിയിലെ വിവിധ കൊവിഡ് ആശുപത്രികളുടെ പ്രവർത്തനങ്ങളും പ്രധാനമന്ത്രി മോദി അവലോകനം ചെയ്‌തു.