ശിവമോഗ(കർണാടക) : 165 പന്തിൽ 48 ഫോറും 24 സിക്‌സും ഉൾപ്പടെ 407 റണ്‍സ്! ഇത് ഒരു ടീമിന്‍റെ ടോട്ടലാണെന്ന് കരുതിയെങ്കിൽ തെറ്റി. തൻമയ് മഞ്ജുനാഥ് എന്ന 16 വയസുകാരൻ ഒരു ഏകദിന മത്സരത്തിൽ നേടിയ സ്‌കോറാണിത്. ശിവമോഗയിലെ പെസെറ്റ് കോളജ് ഗ്രൗണ്ടിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്‍റിലാണ് തൻമയ് ഈ വിസ്‌മയ പ്രകടനം നടത്തിയത്.
ടൂർണമെന്‍റിൽ സാഗർ ക്രിക്കറ്റ് ക്ലബ് ടീമും എടിസിസി ഭദ്രാവതി ടീമും തമ്മിലുള്ള മത്സരത്തിലാണ് സാഗർ ടീമിന്‍റെ താരമായ തൻമയ് മഞ്ജുനാഥ് ഈ വെടിക്കെട്ട് പ്രകടനം നടത്തിയത്. തൻമയുടെ തകർപ്പൻ പ്രകടനത്തിന്‍റെ പിൻബലത്തിൽ സാഗർ ക്രിക്കറ്റ് ക്ലബ് 583 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. കൂടാതെ അൻഷു എന്ന താരവും ടീമിനായി 120 റണ്‍സ് നേടി. ഇരുവരും ചേർന്ന് 350 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ എടിസിസി ഭദ്രാവതി ടീം 73 റണ്‍സിന് ഓൾഔട്ടായി. ഇതോടെ 510 റണ്‍സിന്‍റെ കൂറ്റൻ വിജയമാണ് സാഗർ ക്രിക്കറ്റ് ക്ലബ് ടീം സ്വന്തമാക്കിയത്. ദിവസവും രാവിലെയും വൈകിട്ടുമുള്ള കൃത്യമായ വ്യായാമവും പരിശീലനവുമാണ് തന്‍റെ മികച്ച പ്രകടനത്തിന് കരുത്തായതെന്ന് തൻമയ് മഞ്ജുനാഥ് പറഞ്ഞു. സാഗറിലെ നാഗേന്ദ്ര പണ്ഡിറ്റ് ക്രിക്കറ്റ് അക്കാദമിയിലാണ് തൻമയ് പരിശീലനം നടത്തുന്നത്.